മണിപ്പൂരില്‍ ആൾക്കൂട്ട ആക്രമണത്തിനിരയായ കുക്കിയുവതികള്‍ സുപ്രീം കോടതിയെ സമീപിച്ചു. വിഷയത്തിൽ സുപ്രീം കോടതി സ്വമേധയാ നടപടി സ്വീകരിക്കണമെന്നും നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ടാണ് ഹർജി.
ആൾക്കൂട്ട ആക്രമണത്തില്‍ കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ അനുകൂലമായ ഇടപെടലുകള്‍ നടത്തിയില്ലെന്നും ഹർജിയിൽ അതിജീവിതമാര്‍ പരാമർശിച്ചിട്ടുണ്ട്. മെയ് 4-ലെ ലൈംഗീകാതിക്രമ സംഭവവുമായി ബന്ധപ്പെട്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത കേസിൽ ഒരു പ്രത്യേക അപേക്ഷയും ഐഡന്റിറ്റി സംരക്ഷിക്കുന്നതിനുള്ള അപേക്ഷയുമാണ് സമർപ്പിച്ചത്. സംഭവത്തിൽ ആഭ്യന്തരമന്ത്രാലയത്തിന്റെ (എംഎച്ച്എ) മറുപടി ഇന്ന് (ജൂലൈ 31) ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പരിശോധിക്കാനിരിക്കെയാണ് ഈ സംഭവവികാസം.
കേസിന്റെ വിചാരണ മണിപ്പൂരിൽ നിന്ന് മാറ്റണമെന്നാണ് കേന്ദ്രസർക്കാരിന്റെ ആവശ്യം. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഇന്ന് ഹർജികൾ പരിഗണിക്കുക. കലാപവുമായി ബന്ധപ്പെട്ടുള്ള ഒരുകൂട്ടം ഹർജികൾ ജൂലൈ 28-ന് സുപ്രീം കോടതി പരിഗണിക്കാനിരുന്നെങ്കിലും ചീഫ് ജസ്റ്റിസിന്‍ന്റെ അനാരോഗ്യം മൂലം പിന്നീട് മാറ്റുകയായിരുന്നു.