Tuesday, November 26, 2024

പാലസ്തീന് ധനസഹായം നല്‍കുന്നത് പുനസ്ഥാപിക്കുമെന്ന് ജര്‍മനി

പാലസ്തീന് ധനസഹായം നല്‍കുന്നത് പുനസ്ഥാപിക്കുമെന്ന് ജര്‍മനി. ഇസ്രായേല്‍ ആരോപണത്തെ തുടര്‍ന്ന് ജര്‍മനി അടക്കമുള്ള 15 രാജ്യങ്ങള്‍ യു.എന്‍ ഏജന്‍സിയായ യു.എന്‍.ആര്‍.ഡബ്ല്യു.എക്കുള്ള സഹായം നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ പാലസ്തീനികള്‍ക്കായുള്ള യുഎന്‍ ഏജന്‍സിയിലെ നൂറുകണക്കിന് ജീവനക്കാര്‍ തീവ്രവാദ സംഘടനകളില്‍ അംഗങ്ങളാണെന്ന വാദത്തിന് ഇസ്രായേല്‍ തെളിവ് നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കിയ ജര്‍മ്മനി പ്രവര്‍ത്തനങ്ങള്‍ക്ക് സഹകരണവും ധനസഹായവും പുനസ്ഥാപിക്കുമെന്ന് വ്യക്തമാക്കുകയായിരുന്നു. സാമ്പത്തിക സഹകരണം ഉടന്‍ ആരംഭിക്കുമെന്ന് ജര്‍മന്‍ വികസന മന്ത്രി സ്വെന്യ ഷൂള്‍സയും വിദേശകാര്യമന്ത്രി അനലീന ബെയര്‍ബോക്കും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രായേലില്‍ നടത്തിയ ഓപറേഷനില്‍ 12 യുഎന്‍ആര്‍ഡബ്ല്യുഎ ജീവനക്കാര്‍ക്ക് പങ്കുണ്ടെന്നായിരുന്നു ആരോപണം. നിരവധി ജീവനക്കാര്‍ ഹമാസില്‍ പ്രവര്‍ത്തിക്കുന്നതായും ഇസ്രായേല്‍ ആരോപിച്ചിരുന്നു. എന്നാല്‍, തെളിവുകള്‍ ഒന്നും തന്നെ കണ്ടെത്താതെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ, മരവിപ്പിച്ച സഹായം പുനസ്ഥാപിക്കണമെന്ന് ലോകരാഷ്ട്രങ്ങളോട് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസും യൂറോപ്യന്‍ യൂനിയന്‍ ക്രൈസിസ് മാനേജ്മെന്റ് കമീഷണര്‍ യാനെസ് ലെനാര്‍ച്ചിച്ചും അഭ്യര്‍ഥിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഓസ്‌ട്രേലിയ, കാനഡ, സ്വീഡന്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് പിന്നാലെ ജര്‍മനിയും യുഎന്‍ആര്‍ഡബ്ല്യുഎയുമായുള്ള സഹകരണം പുനരാംരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്.

 

Latest News