ആഗോളസമാധാനം കൈവരിക്കുന്നതിനായി യോജിച്ച ശ്രമങ്ങള്‍ ഉണ്ടാകണമെന്ന് ആഹ്വാനംചെയ്ത് ആസിയാന്‍ – ജി.സി.സി ഉച്ചകോടി. ഇസ്രയേല്‍ – ഹമാസ് യുദ്ധം രൂക്ഷമാകുന്നതിനിടെയാണ് സമാധാനശ്രമവുമായി ആസിയാന്‍ – ജി.സി.സി നേതാക്കള്‍ യോഗംചേര്‍ന്നത്. ഗാസയില്‍ സ്ഥിരമായ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും ആവശ്യമായ മാനുഷികസഹായങ്ങള്‍ എത്തിക്കണമെന്നും നേതാക്കള്‍ ഉച്ചകോടിയില്‍ ആവശ്യപ്പെട്ടു.
യുദ്ധമേഖലയിലെ സിവിലിയന്മാരെ സംരക്ഷിക്കാനും അവരെ ലക്ഷ്യംവയ്ക്കുന്നതിൽനിന്ന് വിട്ടുനിൽക്കാനും സംഘർഷത്തിൽ ഏർപ്പെട്ടവർ തയ്യാറാകണമെന്ന് ഉച്ചകോടി അഭ്യർഥിച്ചു. യുദ്ധസമയത്ത് സിവിലിയൻ വ്യക്തികളുടെ സംരക്ഷണം സംബന്ധിച്ച ജനീവ കൺവെൻഷന്റെ തത്വങ്ങളും വ്യവസ്ഥകളും പാലിക്കാനും നേതാക്കൾ ആവശ്യപ്പെട്ടു. സ്ത്രീകളും കുട്ടികളും രോഗികളും പ്രായമായവരും ഉള്‍പ്പെടുന്ന ബന്ദികളെ നിരുപാധികം മോചിപ്പിക്കണമെന്നും ഉച്ചകോടിയില്‍ ആവശ്യമുയർന്നു.
അതേസമയം, വിവിധ മേഖലകളിലെ സഹകരണം വര്‍ധിപ്പിക്കാനും ആസിയാന്‍ – ജി.സി.സി രാജ്യങ്ങള്‍തമ്മില്‍ ധാരണയായി. ഇതുപ്രകാരം സാമ്പത്തികം, പ്രതിരോധം, സുരക്ഷ, നിക്ഷേപം, സാംസ്കാരികവിനിമയം തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കും.