കാലാവസ്ഥ വ്യതിയാനം ലോകത്തിനു മുകളില്‍ വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ഉഷ്ണ തരംഗം പല രാജ്യങ്ങളിലും രേഖപ്പെടുത്തി കഴിഞ്ഞു. എന്നാല്‍ ചില രാജ്യങ്ങളില്‍ ഉയര്‍ന്ന താപനില രേഖപ്പെടുത്തുമെന്നും ജനജീവിതം ദുസ്സഹമാകുമെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ഗവേഷകര്‍.
അഫ്ഗാനിസ്ഥാന്‍, പപ്പുവ ന്യൂ ഗ്വിനിയ, മധ്യ അമേരിക്ക എന്നീ പ്രദേശങ്ങളിലാണ് താപനില അപകടകരമാകും വിധത്തില്‍ ഉയരുന്നതെന്നും ഗവേഷണ സംഘം പറയുന്നു. വര്‍ധിച്ചുവരുന്ന ജനസംഖ്യയും പരിമിതമായ ആരോഗ്യ സംരക്ഷണവുമാണ് ഈ രാജ്യങ്ങളെ ഈ അവസ്ഥയിലേക്ക് നയിച്ചതെന്നുമാണ് ഗവേഷകരുടെ വിലയിരുത്തല്‍. നേച്ചര്‍ കമ്യൂണിക്കേഷന്‍ ജേണലിലാണ് ഇതുമായി ബന്ധപ്പെട്ട പഠനം പ്രസിദ്ധീകരിച്ചത്. നിരീക്ഷിച്ച 31 ശതമാനം പ്രദേശങ്ങളിലും ചൂട് അസാധാരണമാകും വിധം വര്‍ധിച്ചുവരികയാണെന്ന് പഠനം വ്യക്തമാക്കുന്നു.
ഉഷ്ണ തരംഗത്തെ നമ്മള്‍ കാര്യമാക്കേണ്ടതായുണ്ട്. പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്. ഏറ്റവും കൂടുതല്‍ ഉഷ്ണ തരംഗമുണ്ടാകാന്‍ സാധ്യതയുള്ള രാജ്യങ്ങളില്‍ ജനസംഖ്യ കൂടുതലാണ്. ചില രാജ്യങ്ങള്‍ വികസ്വര രാജ്യങ്ങളാണ്. ചിലയിടങ്ങളില്‍ ഇതിനോടകം തന്നെ ഉയര്‍ന്ന താപനില രേഖപ്പെടുത്തി കഴിഞ്ഞു. ഈ പ്രദേശങ്ങള്‍ക്കായുള്ള ഹീറ്റ് ആക്ഷന്‍ പ്ലാനുകള്‍ മതിയോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ ഗവേഷകരിലൊരാളായ ഡോ. വിക്കി തോംസണ്‍ പ്രസ്താവനയില്‍ പറഞ്ഞു.
കൊടും ചൂടില്‍ നദികള്‍ വറ്റിവളരുകയും ജനങ്ങള്‍ ജലത്തിനായി വലയുകയും ചെയ്യുന്ന പ്രദേശങ്ങളില്‍ ബീജിംഗും മധ്യ യൂറോപ്പുമുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തി. ഇതിനോടകം തന്നെ ചൈനയുടേയും യൂറോപ്പിന്റെയും ചില പ്രദേശങ്ങളില്‍ കടുത്ത വരള്‍ച്ച അനുഭവപ്പെട്ടിട്ടുണ്ട്. മുന്‍ കാലങ്ങളെ അപേക്ഷിച്ച് വരും ദിനങ്ങളില്‍ ഉയര്‍ന്ന താപനില രേഖപ്പെടുത്തുമെന്നും ഇത് മനുഷ്യരെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. കൊടും ചൂടും ഉഷ്ണ തരംഗവും മനുഷ്യരേയും ജീവി വര്‍ഗങ്ങളേയും മരണത്തിലേക്ക് തള്ളിവിടുമെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.