Tuesday, November 26, 2024

ഇനിയും ആക്രമണം നടത്തിയാല്‍ തുടച്ചുനീക്കും; ഇസ്രായേലിന് ഭീഷണി കലര്‍ന്ന മുന്നറിയിപ്പുമായി ഇറാന്‍ പ്രസിഡന്റ്

തങ്ങള്‍ക്കെതിരെ ഇനിയും ആക്രമണം നടത്തിയാല്‍ തുടച്ചുനീക്കുമെന്ന് ഇസ്രായേലിന് ഭീഷണി കലര്‍ന്ന മുന്നറിയിപ്പുമായി ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി. മൂന്ന് ദിവസത്തെ പാകിസ്താന്‍ സന്ദര്‍ശനത്തിനിടെയാണ് റഈസിയുടെ വാക്കുകള്‍. ”സയണിസ്റ്റ് ഭരണകൂടം ഇനിയും തെറ്റുകള്‍ ആവര്‍ത്തിക്കുകയോ ഇറാന്റെ പുണ്യഭൂമിയെ ആക്രമിക്കുകയോ ചെയ്താല്‍ സാഹചര്യങ്ങള്‍ വ്യത്യസ്തമാകും. പിന്നീട് ആ ഭരണകൂടത്തില്‍ എന്തെങ്കിലും ബാക്കിയുണ്ടാകുമോ എന്ന് അറിയില്ല,” ലാഹോര്‍ സര്‍വകലാശാലയില്‍ സംസാരിക്കവേ ഇബ്രാഹിം റഈസി പറഞ്ഞു.

”കുട്ടികളെ കൊല്ലുകയും വംശീയത നടത്തുകയും ചെയ്യുന്ന സയണിസ്റ്റ് ഭരണകൂടത്തെ പിന്തുണയ്ക്കുന്ന അമേരിക്കക്കാരും പാശ്ചാത്യരുമാണ് ഇന്നത്തെ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘകര്‍. ജറുസലേമിന്റെ മോചനമാണ് മനുഷ്യരാശിയുടെ ഏറ്റവും ആദ്യത്തെ ചോദ്യം. ഗാസന്‍ ജനതയുടെ ചെറുത്തുനില്പ് വിശുദ്ധ ജറുസലേമിന്റെയും പലസ്തീന്റെയും മോചനത്തിലേക്ക് നയിക്കും” റഈസി പറയുന്നു.അതേസമയം റഈസിയുടെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം പ്രതിവര്‍ഷം 1000 കോടി ഡോളര്‍ ആയി ഉയര്‍ത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാനും ഇരു രാജ്യങ്ങളും ധാരണയായി.

ഏപ്രില്‍ ഒന്നിന് സിറിയയിലെ ഇറാനിയന്‍ കോണ്‍സുലേറ്റില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് മറുപടിയായി, 13ന് നടത്തിയ പ്രത്യാക്രമണം രാജ്യം ശിക്ഷ നല്‍കുന്നത് എങ്ങനെയാണെന്നതിന്റെ ഉദാഹരണമായിരുന്നു. എല്ലാ അന്താരാഷ്ട്ര നിയമങ്ങള്‍ക്കും എതിരായി ദമാസ്‌കസിലെ ഇറാനിയന്‍ കോണ്‍സുലേറ്റിന് നേരെ നടത്തിയ ആക്രമണത്തിന് ഇറാന്‍ നല്‍കിയ ശിക്ഷയാണ്. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ഇറാന്‍ ഇസ്രയേലിനെതിരെ ആക്രമണം നടത്തിയത്.

അതേസമയം, വെള്ളിയാഴ്ച ഇറാനിലെ ഇസ്ഫഹാന്‍ നഗരത്തിലും ആക്രമണമുണ്ടായിരുന്നെങ്കിലും തിരിച്ചടിക്കില്ലെന്ന് ഇറാന്‍ പ്രതികരിച്ചിരുന്നു. ഇറാനിലെയും പാകിസ്താനിലെയും ജനങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ട പലസ്തീന്‍ രാഷ്ട്രത്തെ സംരക്ഷിക്കുമെന്നും ഇബ്രാഹിം റഈസി പറഞ്ഞു. 34,000 പലസ്തീനികള്‍ കൊല്ലപ്പെടുകയും ഗാസയില്‍ ഇസ്രായേലിന്റെ ആക്രമണങ്ങള്‍ തുടരുകയും ചെയ്യുമ്പോള്‍ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുമെന്ന പാശ്ചാത്യ രാജ്യങ്ങളുടെ വാദങ്ങളെ റഈസി വിമര്‍ശിച്ചു.

 

Latest News