രാജ്യം 77-ാമത് സ്വാതന്ത്ര ദിനത്തിന്‍റെ ആരവത്തിലാണ്. വിദ്യാലയങ്ങളിലും ഭവനങ്ങളിലുമെല്ലാം ദേശീയ പതാക ഉയര്‍ത്തുന്നതിനായി തയ്യാറായി കഴിഞ്ഞു. അതിനാല്‍ തന്നെ ത്രിവര്‍ണ്ണ പതാക അഥവ ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ ചില കാര്യങ്ങള്‍ നമുക്ക് പരിശോധിക്കാം.
നിയമം അനുസരിച്ച് ദേശീയ പതാക ഉയര്‍ത്തുക എന്നതാണ് പ്രധാന ഘടകം. പതാകയിലെ കുങ്കുമ നിറം എപ്പോഴും മുകളിലും വെള്ള മധ്യത്തിലും പച്ച എപ്പോഴും താഴെയും ആയിരിക്കണം. ഇത് തെറ്റിക്കുന്നത് 1971-ലെ ദേശീയ ബഹുമതിയെ അപമാനിക്കുന്നത് തടയല്‍ നിയമപ്രകാരം ജയില്‍ ശിക്ഷയും പിഴയും വരെ ലഭിച്ചേക്കാവുന്ന കുറ്റമാണ്. ത്രിവര്‍ണ പതാക ഉയര്‍ത്തുമ്പോള്‍, അത് നനയരുതെന്നും ഒരു തരത്തിലും കേടുപാടുകള്‍ വരുത്തരുതെന്നും ഒരോ പൗരനും ഓര്‍മ്മയില്‍ സൂക്ഷിക്കണം.
കൈകൊണ്ട് നിര്‍മ്മിച്ച പരുത്തി, പോളീസ്റ്റര്‍, കമ്പിളി, ഖാദി മുതലായവ കൊണ്ടുള്ള പതാകകള്‍ ഉപയോഗിക്കുന്നതിനു മാത്രമാണ് അനുമതി ഉണ്ടായിരുന്നതെങ്കിലും ഇപ്പോള്‍ മെഷീന്‍ നിര്‍മ്മിത പതാകകളും ഉയര്‍ത്താന്‍ അനുവാദമുണ്ട്. കൂടാതെ പുതിയ ചട്ടം അനുസരിച്ച് 24 മണിക്കൂറും പകലും രാത്രിയും പതാക ഉയര്‍ത്താം. നേരത്തെ പകല്‍ മാത്രമേ പതാക ഉയര്‍ത്താന്‍ അനുമതി ലഭിച്ചിരുന്നുള്ളൂ.
ഒരു കാരണവശാലും ത്രിവര്‍ണ പതാക നിലത്തു മുട്ടിക്കുകയോ അനാദരവോടെ കാണുകയോ ചെയ്യരുത്. ഇത് കൂടാതെ ദേശീയ പതാകയേക്കാള്‍ ഉയരത്തില്‍ മറ്റൊരു പതാകയോ ചിഹ്നമോ സ്ഥാപിക്കുവനും പാടുള്ളതല്ല.