ചൂടുകാലമായതോടെ വിപണയിൽ വിൽപനയ്ക്കുള്ളതും ആളുകൾ ഏറെ വാങ്ങുന്നതുമായ ഒന്നാണ് തണ്ണിമത്തൻ. എന്നാൽ തണ്ണിമത്തൻ വാങ്ങുമ്പോൾ, രാസവസ്തുക്കളുടെ സാന്നിധ്യം ഒഴിവാക്കാൻ ജനങ്ങൾ വേണ്ടത്ര ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്. കൃത്രിമ നിറങ്ങൾ ചേർത്തതും ചീഞ്ഞതുമായ നിരവധി തണ്ണിമത്തനുകളാണ് റോഡരികിലും കടകളിലും വിൽപനയ്‌ക്കെത്തുന്നത്. ഇത്തരം വിൽപനയ്‌ക്കെതിരായ നടപടിയുടെ ഭാഗമായി തിരുപ്പൂരിലെ കച്ചവടകേന്ദ്രങ്ങളിൽ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി.
മംഗലം, പല്ലടം റോഡുകളിലെ ഇത്തരത്തിൽ നടന്ന റെയ്ഡിൽ, 1100 കിലോഗ്രാം തണ്ണിമത്തനുകളാണ് പിടിച്ചെടുത്തു നശിപ്പിച്ചത്. ഈ നടപടിക്ക് ഒരുദിവസത്തിനു ശേഷം, വെള്ളിയാഴ്ച തെന്നാംപാളയം മാർക്കറ്റിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാത്ത 60 കിലോഗ്രാം തണ്ണിമത്തനാണ് ഭക്ഷ്യസുരക്ഷാ-മരുന്ന് അഡ്മിനിസ്ട്രേഷൻ നിയുക്ത ഓഫീസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ കണ്ടുകെട്ടിയത്. കൃത്രിമ നിറം കലർത്തിയതായി ഒരു കേസും കണ്ടെത്തിയില്ലെങ്കിലും, ബാഹ്യമായി കേടുപാടുകൾ സംഭവിച്ച തണ്ണിമത്തനുകൾ കണ്ടുകെട്ടി നശിപ്പിച്ചതായും റിപ്പോർട്ടുണ്ട്.
ഇത്തരത്തിൽ കടകളിൽ നിന്നും വാങ്ങുന്ന തണ്ണിമത്തനുകൾ കണ്ണുമടച്ച് കഴിക്കുംമുൻപ് ജനങ്ങൾ ജാഗ്രത പാലിക്കണം. ഒരു ഗ്ലാസ് ടംബ്ലറിനുള്ളിൽ അരിഞ്ഞ തണ്ണിമത്തൻ കഷണങ്ങളിട്ട് ഉപഭോക്താക്കൾ സ്വയം ഗുണനിലവാരം നിർണ്ണയിക്കുന്നത് നല്ലതാണെന്ന് ഭക്ഷ്യവകുപ്പ് പറയുന്നു. വെള്ളത്തിലിടുമ്പോൾ കൃത്രിമ നിറങ്ങൾ വേർപെട്ടു കാണപ്പെടും. അല്ലെങ്കിൽ വെള്ളക്കടലാസിലോ, ടിഷ്യു പേപ്പറിലോ അരിഞ്ഞ തണ്ണിമത്തന്റെ പ്രതലം പുരട്ടാം. പേപ്പറുകളിൽ നിറങ്ങൾ പറ്റിപ്പിടിച്ചിട്ടില്ലെങ്കിൽ രാസവസ്തുക്കളുടെ സാന്നിധ്യമില്ലെന്ന് മനസ്സിലാക്കാം.