Tuesday, November 26, 2024

പാപ്പായുടെ കാനഡാ സന്ദർശനം: മൂന്നാം ദിനത്തിലെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ

കാനഡയിലേക്കുള്ള അപ്പസ്തോലിക യാത്രയുടെ മൂന്നാം ദിവസമായ ജൂലൈ 26-ന് ഫ്രാൻസിസ് പാപ്പാ കോമൺവെൽത്ത് സ്റ്റേഡിയത്തിൽ ബലിയർപ്പിച്ചു. വി. യോവാക്കിമിന്റെയും വി. അന്നയുടെയും തിരുനാൾ ദിനമായിരുന്നതിനാൽ വയോധികരെക്കുറിച്ചാണ് പാപ്പാ വിശ്വാസികളോട് അന്നേ ദിവസം സംസാരിച്ചത്. ഫ്രാൻസിസ് പാപ്പായുടെ സന്ദേശത്തിന്റെ പ്രസക്തഭാഗങ്ങൾ ചുവടെ ചേർക്കുന്നു.

“വി. യോവാക്കിമിന്റെയും വി. അന്നയുടെയും തിരുനാൾ ദിനമായ ഇന്ന് നമുക്ക് നമ്മുടെ മുത്തശ്ശി-മുത്തച്ഛന്മാരെ ഓർമ്മിക്കാം. സംരക്ഷിക്കപ്പെടേണ്ട ചരിത്രത്തിന്റെ ഭാഗമാണ് നമ്മളും. നമ്മളാരും ഈ ഭൂമിയിലേക്ക് വന്നത് തനിച്ചല്ല. നമുക്ക് എല്ലാവർക്കും നമ്മുടേതായ വേരുകളുണ്ട്. നമ്മുടെ മുൻതലമുറ നമുക്ക് പകർന്നുതന്ന വിശ്വാസത്തിന്റെ, സ്നേഹത്തിന്റെ വേരുകൾ. നമ്മൾ തിരഞ്ഞെടുത്ത പാരമ്പര്യമല്ല നമുക്ക് ലഭിച്ചിരിക്കുന്നത്. ഒരു സമ്മാനമായി നമുക്ക് നൽകപ്പെട്ടതാണ്. നമ്മൾ യഥാർത്ഥത്തിൽ ആരാണെന്നും, നാം എത്ര വിലപ്പെട്ടവരാണെന്നും തിരിച്ചറിയാൻ നമ്മുടെ മുൻതലമുറയെയും നമ്മുടെ ഭാഗമായി അംഗീകരിക്കേണ്ടതുണ്ട്. നമ്മൾ മാതാപിതാക്കളോടും അവരുടെ മാതാപിതാക്കളോടും കടപ്പെട്ടവരാണ്. ഒന്നും തിരികെ പ്രതീക്ഷിക്കാതെ നമ്മെ സ്നേഹിച്ചവരാണവർ. നമ്മുടെ മുൻതലമുറയാണ് നമുക്ക് സുവിശേഷവും അതിലൂടെ വിശ്വാസവും സ്നേഹവും പകർന്നുനല്കിയത്.”

വി. യോവാക്കീമും വി. അന്നയും പരിശുദ്ധ അമ്മയെ സ്നേഹിച്ചതുപോലെയാണ് പരിശുദ്ധ അമ്മ ഈശോയെ സ്നേഹിച്ചത്. ആ സ്നേഹം തന്റെ ജീവിതദൗത്യത്തിൽ നിന്ന് ഈശോയെ പിൻവലിച്ചില്ല; മറിച്ച് താൻ ഭൂമിയിലേക്ക് അയയ്ക്കപ്പെട്ട ദൗത്യം നിറവേറ്റുന്നതിനായി ഈശോയെ ശക്തിപ്പെടുത്തി. ജീവിതത്തിൽ തീരുമാനങ്ങളെടുക്കാൻ നാം ബുദ്ധിമുട്ടുമ്പോൾ, അത്തരം സാഹചര്യങ്ങളിൽ നമ്മുടെ പൂർവ്വീകർ ആയിരുന്നെങ്കിൽ എന്ത് ചെയ്തേനേ എന്ന് നമ്മൾ ചിന്തിക്കുന്നത് ഉചിതമാണ്. അവരിൽ നിന്ന് പകർന്നുകിട്ടിയ വിശ്വാസവും സ്നേഹവും ഒരു നിധി പോലെ സൂക്ഷിക്കാൻ കടപ്പെട്ടവരാണ് നാം. അവരെ നമ്മൾ എപ്പോഴും പ്രാർത്ഥനയിൽ ഓർക്കണം. അവർ ഉപയോഗിച്ചിരുന്ന ബൈബിളും ജപമാലയും അവരുടെ ഓർമ്മക്കായി സൂക്ഷിക്കണം.

എഴുതപ്പെട്ട ഒരു ചരിത്രത്തിന്റെ ഭാഗമായിരിക്കുന്നതു പോലെ, എഴുതപ്പെടേണ്ട ചരിത്രത്തിന്റെ ഭാഗമാണ് നമ്മൾ. പൂർവ്വീകർ നമുക്ക് വഴികാട്ടികളായിരുന്നതു പോലെ, ജീവിതത്തിൽ നമ്മളും അനേകർക്ക് വഴികാട്ടിയാകാൻ വിളിക്കപ്പെട്ടതാണ്. ഏതു രീതിയിലുള്ള സമൂഹത്തെയാണ് നാം വാർത്തെടുക്കേണ്ടത് എന്ന് ചിന്തിക്കേണ്ടതും അത്യാവശ്യമാണ്.

നമുക്ക് നൽകപ്പെട്ടിരിക്കുന്ന പാരമ്പര്യം കാത്തുസൂക്ഷിക്കാൻ വി. യോവാക്കീമും വി. അന്നയും നമുക്ക് വേണ്ടി മാദ്ധ്യസ്ഥം യാചിക്കട്ടെ. പൂർവ്വീകരെ ബഹുമാനിക്കുന്നതും അവർക്കു വേണ്ടി പ്രാർത്ഥിക്കുന്നതും നമ്മുടെ ആത്മീയ ഉത്തരവാദിത്വമാണ്. അത് നിറവേറ്റാൻ ഈ വിശുദ്ധർ നമ്മെ സഹായിക്കട്ടെ. വയോധികരെ ബഹുമാനിക്കുന്ന, അവരെ ഉപയോഗശൂന്യമായി കണ്ട് മാറ്റിനിർത്താത്ത ഒരു തലമുറ വളർന്നുവരട്ടെ. കഴിവുകളുടെ അടിസ്ഥാനത്തിൽ അവരുടെ മൂല്യത്തെ വിലയിരുത്താത്ത, പ്രായമായവരുടെ ആവശ്യങ്ങളെ അംഗീകരിക്കുന്ന, നമ്മുടെ സഹോദരീസഹോദരന്മാർ അനുഭവിച്ച അക്രമത്തിന്റെയും പാർശ്വവൽക്കരണത്തിന്റെയും ചരിത്രം ഒരിക്കലും ആവർത്തിക്കപ്പെടാത്ത ഒരു കാലം നിലവിൽ വരാൻ നമുക്ക് ഈ വിശുദ്ധരോട് പ്രാർത്ഥിക്കാം.

ദൈവം നമ്മോടൊപ്പമുണ്ടെങ്കിൽ നമുക്ക് എല്ലാം സാധ്യമാണ്. പ്രായമായവരും കുട്ടികളും യുവജനങ്ങളും എല്ലാവരും ഒരുമിച്ച് സ്വപ്‌നങ്ങൾ നെയ്‌ത് മുന്നോട്ട് പോകട്ടെ.

Latest News