Monday, November 25, 2024

ഹമാസ് ബന്ദികളാക്കിയ മൂന്നിലൊന്നിലേറെ പേരും മരിച്ചിരിക്കാമെന്ന് നിഗമനം

ഹമാസ് ബന്ദികളാക്കിയ മൂന്നിലൊന്നിലേറെ പേരും കൊല്ലപ്പെട്ടതായി നിഗമനം. ഒക്ടോബര്‍ ഏഴിനു തെക്കന്‍ ഇസ്രയേലില്‍ ആക്രമണം നടത്തിയ പലസ്തീന്‍ ഭീകരവാദികള്‍ 251 പേരെയാണു ഗാസയിലേക്കു തട്ടിക്കൊണ്ടുപോയത്. നവംബറിലെ ഒരാഴ്ച നീണ്ട വെടിനിര്‍ത്തലില്‍ നൂറിലധികം പേര്‍ മോചിതരായിരുന്നു. 120 പേര്‍ ഗാസയില്‍ ബന്ദികളായി തുടരുന്നുവെന്നാണ് ഇസ്രേലി സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. ഇതില്‍ 43 പേര്‍ മരിച്ചിരിക്കാമെന്ന് അനുമാനിക്കുന്നു.

ഇന്റലിജന്‍സ് വിവരങ്ങളടക്കം പരിഗണിച്ചാണ് അനുമാനത്തിലെത്തിയത്. മരണസംഖ്യ ഇതിലും കൂടാമെന്നും ചില ഇസ്രേലി ഉദ്യോഗസ്ഥര്‍ കരുതുന്നതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇസ്രേലി വ്യോമാക്രമണം തുടര്‍ന്നാല്‍ ബന്ദികളെ വധിക്കുമെന്നു ഹമാസ് നേരത്തേ ഭീഷണി മുഴക്കിയിരുന്നു. ഇസ്രേലി വ്യോമാക്രമണത്തില്‍ പല ബന്ദികളും കൊല്ലപ്പെട്ടതായും ഹമാസ് പിന്നീട് പറഞ്ഞിട്ടുണ്ട്.

അതേസമയം, ഇസ്രായേലിന്റെയും ഹമാസിന്റെയും ഭാഗത്തുനിന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ വെടിനിര്‍ത്തല്‍ നിര്‍ദേശത്തില്‍ പ്രതികരണം ലഭിച്ചിട്ടില്ലെന്ന് മധ്യസ്ഥരാജ്യമായ ഖത്തര്‍ അറിയിച്ചു. ബൈഡന്റെ നിര്‍ദേശം അംഗീകരിച്ച് ഗാസ യുദ്ധം ഉടന്‍ അവസാനിപ്പിക്കാന്‍ ഇരുകൂട്ടരും തയാറാകണമെന്ന് യൂറോപ്യന്‍ യൂനിയന്‍ ആവശ്യപ്പെട്ടു.

 

Latest News