Thursday, November 28, 2024

തിരുവനന്തപുരത്ത് സ്ത്രീധന സമ്പ്രദായം കൂടുന്നു; സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം വാങ്ങുന്നത് റെക്കോര്‍ഡ് സ്ത്രീധനമെന്ന് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ

തലസ്ഥാനത്ത് സ്ത്രീധനം വാങ്ങുന്നവരുടെ എണ്ണം വര്‍ദ്ധിച്ച് വരുന്നതായി വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പി. സീതാദേവി. ജില്ലാതല സിറ്റിങ്ങിന്റെ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ. തിരുവനന്തപുരത്തെ ഗ്രാമപ്രദേശങ്ങളിലുള്ളവരാണ് കൂടുതലും സ്ത്രീധനം വാങ്ങുന്നതെന്നും അവര്‍ പറഞ്ഞു.

ജില്ലാതല സിറ്റിംഗില്‍ സ്ത്രീധനവുമായി ബന്ധപ്പെട്ട് വന്ന പരാതികള്‍ നിരവധിയാണ്. ഇതില്‍ സര്‍ക്കാര്‍ ജീവനക്കാരടക്കം റെക്കോര്‍ഡ് സ്ത്രീധനം വാങ്ങിയാണ് വിവാഹം കഴിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഈ നിലപാട് ഗൗരവതരമായ കാര്യമാണ്. വിവാഹത്തിന്റെ ഭാഗമായി വധുവിന് വീട്ടില്‍ നിന്ന് സ്വര്‍ണം, പണം, വിലപിടിപ്പുള്ള വീട്ടുപകരണങ്ങള്‍ എന്നിവ നല്‍കുന്നത് പതിവായിരിക്കുകയാണ്.

സ്ത്രീധനമായി സ്വര്‍ണവും പണവും കൊടുക്കുന്നതിന് പുറമെ അടുക്കള കാണല്‍ എന്ന ചടങ്ങില്‍ ലക്ഷക്കണക്കിന് രൂപയുടെ മറ്റ് ഗൃഹോപകരണങ്ങളും ഫര്‍ണീച്ചറും നല്‍കുന്നുണ്ട്. ഇത്തരത്തിലുള്ള രീതികള്‍ പിന്നീട് ഗാര്‍ഹിക പീഡനക്കേസുകളായും സ്ത്രീധന കേസുകളായും മാറുന്നുണ്ട്. അത്തരത്തില്‍ നിരവധി കേസുകളാണ് കമ്മീഷന് മുന്നിലെത്തുന്നതെന്നും വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പറഞ്ഞു.

 

 

 

Latest News