30 ദിവസത്തെ ഇടക്കാല വെടിനിർത്തലിനുള്ള യു എസ് നിർദേശം യുക്രൈൻ അംഗീകരിച്ചതിനെ തുടർന്ന് റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ നല്ലൊരു അവസരം ലഭിച്ചതായി യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി. ‘ഇപ്പോൾ, ഈ യുദ്ധം വേഗത്തിൽ അവസാനിപ്പിച്ച് സമാധാനം ഉറപ്പാക്കാൻ ഞങ്ങൾക്ക് നല്ല അവസരമുണ്ട്. ഞങ്ങളുടെ യൂറോപ്യൻ പങ്കാളികളുമായി ശക്തമായ സുരക്ഷാധാരണകളുണ്ട്’ എന്നാണ് സെലെൻസ്‌കി എക്‌സിൽ ഇതേക്കുറിച്ചു പറഞ്ഞത്.
30 ദിവസത്തെ വെടിനിർത്തൽ കാരാർ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ കഴിയുന്നത്രകാലം വൈകിപ്പിക്കുമെന്ന് മാധ്യമപ്രവർത്തകരോട് വീണ്ടും സെലൻസ്കി പറഞ്ഞു. കരാർ അംഗീകരിക്കാൻ യു എസും മറ്റു സഖ്യകക്ഷികളും മോസ്കോയിൽ സമ്മർദം ചെലുത്തണമെന്നും സെലെൻസ്‌കി ആവശ്യപ്പെട്ടു.
ഈ ആഴ്ച സൗദി അറേബ്യയിൽ നടന്ന യു എസ് – യുക്രൈൻ ഉദ്യോഗസ്ഥരുടെ കൂടിക്കാഴ്ചയിൽ, യുക്രൈൻ വെടിനിർത്തൽ അംഗീകരിക്കുകയായിരുന്നു. ഇതോടെ യുക്രൈനുമായുള്ള വാഷിംഗ്ടൺ രഹസ്യാന്വേഷണ പങ്കുവയ്ക്കലും സൈനിക സഹായവും പുനരാരംഭിച്ചു. യുദ്ധം നാലാം വർഷത്തിലേക്കു കടന്നതോടെ റഷ്യൻ സൈന്യം യുക്രൈന്റെ ഏകദേശം അഞ്ചിലൊന്ന് ഭാഗമാണ് നിയന്ത്രിക്കുന്നത്. സമീപ മാസങ്ങളിൽ അവർ കിഴക്കൻ ഡൊണെറ്റ്സ്ക് മേഖലയിലേക്കു മുന്നേറുകയാണ്.