യുക്രെയ്ന്‍ സംഘര്‍ഷത്തില്‍ ഇന്ത്യയുടെ നിലപാട് മനസ്സിലാക്കുന്നുവെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പറഞ്ഞു. സംഘര്‍ഷം എത്രയും വേഗം അവസാനിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായും പുടിന്‍ മോദിയോട് പറഞ്ഞു. ഷാംഗ്ഹായ് കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയുടെ ഭാഗമായി നടന്ന ഉഭയകക്ഷി ചര്‍ച്ചയിലായിരുന്നു പുടിന്റെ പ്രതികരണം.
എന്നാല്‍ യുക്രെയ്ന്‍ നേതൃത്വത്തിന് ചര്‍ച്ചകളില്‍ താത്പര്യമില്ല. യുദ്ധഭൂമിയില്‍ സൈനിക നടപടിയിലൂടെ പ്രശ്‌നം അവസാനിപ്പിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. വിഷയത്തില്‍ എല്ലാ കാര്യങ്ങളും ഇന്ത്യയുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും പുടിന്‍ പറഞ്ഞു. ഇന്ത്യയും റഷ്യയും തമ്മില്‍ അതിവേഗം വളരുന്ന നയതന്ത്ര ബന്ധമാണ് ഉള്ളത്. അന്താരാഷ്ട്ര വേദികളില്‍ ഇരു രാജ്യങ്ങളും സജീവമായ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നും പുടിന്‍ പറഞ്ഞു.
മറുപടിയായി, ഇത് യുദ്ധത്തിന്റെ കാലമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇക്കാര്യം നമ്മള്‍ പരസ്പരം സംസാരിച്ചിരുന്നു. സമാധാനത്തിന്റെ പാതയില്‍ എത്ര കാലം ഒരുമിച്ച് മുന്നോട്ട് പോകാം എന്നാണ് ഇപ്പോള്‍ ചിന്തിക്കേണ്ടത്.
ദശാബ്ദങ്ങളായി ഒരുമിച്ചു നില്‍ക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും റഷ്യയുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭക്ഷണം, ഇന്ധന സുരക്ഷ തുടങ്ങിയ വിഷയങ്ങള്‍ക്കാണ് നാം പ്രാമുഖ്യം കൊടുക്കേണ്ടത്. യുദ്ധബാധിത മേഖലകളില്‍ നിന്നും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ സഹായം നല്‍കിയ റഷ്യക്കും യുക്രെയ്‌നും നന്ദി അറിയിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.