ലോകത്തെയൊന്നാകെ പിടിച്ചുകുലുക്കിയ മഹാമാരിയായ കൊവിഡിനു കാരണമായ സാര്‍സ്-കോവി-2 ഉള്‍പ്പെടെയുള്ള വൈറസുകളെ നിര്‍ജീവമാക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് ഫിലിം വികസിപ്പിച്ച് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍.
ഈ ഫിലിമില്‍ സാധാരണ വെളിച്ചം പതിച്ചാല്‍ വൈറസുകള്‍ നശിക്കും. ആശുപത്രികളില്‍ ഒറ്റത്തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന മേശവിരിപ്പ്, കര്‍ട്ടന്‍, ജീവനക്കാരുടെ കുപ്പായം എന്നിവയില്‍ ഇതു പ്രയോഗിക്കാന്‍ കഴിയും.
അള്‍ട്രാവയലറ്റ് വെളിച്ചം ആഗിരണംചെയ്യാന്‍ കഴിയുന്ന കണങ്ങളുടെ നേര്‍ത്ത ഒരുപാളി ഈ ഫിലിമില്‍ പൂശിയിട്ടുണ്ട്. വെളിച്ചം പതിക്കുമ്പോള്‍ അവ റിയാക്ടീവ് ഓക്സിജന്‍ സ്പീഷീസ് ഉണ്ടാക്കും.
ഓക്സിജനില്‍നിന്നു രൂപംകൊള്ളുന്ന വന്‍ പ്രതിപ്രവര്‍ത്തനശേഷിയുള്ള രാസവസ്തുക്കളാണ് ആര്‍.ഒ.എസ്. ഇവയാണ് വൈറസുകളെ നിര്‍ജീവമാക്കുന്നതെന്ന് ഫിലിം വികസിപ്പിച്ച ബെല്‍ഫാസ്റ്റ് ക്വീന്‍സ് സര്‍വകലാശാലയിലെ ഗവേഷകര്‍ പറഞ്ഞു. ഈ പ്ലാസ്റ്റിക് ഫിലിം മണ്ണില്‍ അലിയുന്നതായതിനാല്‍ പാരിസ്ഥിതിക ദോഷമില്ലെന്നും അവര്‍ പറഞ്ഞു.