2024 ലെ ക്രിസ്തുമസിനോട് അനുബന്ധിച്ചുള്ള തിരുപ്പിറവിരംഗവും ക്രിസ്തുമസ് ട്രീയും ഡിസംബർ ഏഴിന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ഉദ്ഘാടനം ചെയ്തു. 29 മീറ്റർ ഉയരമുള്ള ദേവദാരു വൃക്ഷവും ബസിലിക്കാങ്കണത്തിലെ തിരുപ്പിറവിരംഗവും സംഭാവന ചെയ്ത ഇറ്റാലിയൻ പ്രദേശങ്ങളിലെയും പോൾ ആറാമൻ ശാലയിലെ തിരുപ്പിറവിരംഗം സമ്മാനിച്ച ബെത്ലഹേം നഗരത്തിന്റെയും പ്രതിനിധികളടങ്ങിയ രണ്ടായിരത്തോളം പേരെയും ഫ്രാൻസിസ് പാപ്പ സ്വീകരിച്ചു.
“ഗ്രാഡോ തടാകത്തിലാണ് ഈ വർഷത്തെ തിരുപ്പിറവിരംഗം ഒരുക്കിയിരിക്കുന്നത്. വെനീസിനും ട്രൈസ്റ്റിനുമിടയിൽ അഡ്രിയാറ്റിക് കടലിലെ ഒരു ദ്വീപിൽ സ്ഥിതിചെയ്യുന്ന ഏകദേശം 8,000 നിവാസികളുള്ള ഒരു പട്ടണമാണിത്. മേരി, ജോസഫ്, ഉണ്ണീശോ എന്നിവരുടെ പരമ്പരാഗത ക്രിസ്തുമസ് രൂപങ്ങൾ മത്സ്യത്തൊഴിലാളികളുടെ ഒരു കുടിലിലാണ് ഒരുക്കിയിരിക്കുന്നത്” – തിരുപ്പിറവിരംഗത്തിന്റെ ആർക്കിടെക്റ്റും ഡിസൈനറും കൺസ്ട്രക്ഷൻ മാനേജരുമായ ആൻഡ്രിയ ഡി വാൾഡർസ്റ്റൈൻ പറഞ്ഞു.
സമാധാനരാജൻ പിറന്ന മണ്ണിലും ലോകത്തിന്റെ ഇതരഭാഗങ്ങളിലും യുദ്ധദുരന്തം അരങ്ങേറുമ്പോൾ നാം കണ്ണീരോടെ സമാധാനത്തിനായി പ്രാർഥിക്കണമെന്ന് മാർപാപ്പ ഓർമിപ്പിച്ചു.