Friday, April 18, 2025

തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പായി മോണ്‍. തോമസ് ജെ. നെറ്റോ അഭിഷിക്തനായി

തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി മോണ്‍. തോമസ് ജെ. നെറ്റോ അഭിഷിക്തനായി. ചെറുവട്ടുകാട് സെന്റ് സെബാസ്റ്റിയന്‍ ഗ്രൗണ്ടിലെ ചടങ്ങില്‍ അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. എം. സൂസപാക്യം മുഖ്യഅഭിഷേകകനും മുഖ്യകാര്‍മികനുമായി. ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം ഡോ. തോമസ് ജെ. നെറ്റോയ്ക്ക് സ്ഥാനചിഹ്നങ്ങള്‍ ധരിപ്പിച്ചു.

മാര്‍പാപ്പയുടെ ഇന്ത്യന്‍ പ്രതിനിധി ആര്‍ച്ച് ബിഷപ് ലിയോബോള്‍ഡ് ജിറേലി ചടങ്ങില്‍ സംബന്ധിച്ചു. മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ സുവിശേഷ പ്രഘോഷണം നടത്തി. സമൂഹ ദിവ്യബലിയ്‌ക്കൊപ്പമായിരുന്നു അഭിഷേക ചടങ്ങുകള്‍.

ചടങ്ങില്‍ ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സന്റ് സാമുവല്‍, കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയില്‍, ആലപ്പുഴ ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍, വിജയപുരം ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തേച്ചേരില്‍, കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി, കോട്ടാര്‍ ബിഷപ് ഡോ. നസ്രൈന്‍ സൂസെ തുടങ്ങിയ 20 ല്‍ അധികം ബിഷപ്പുമാര്‍ സഹകാര്‍മികരായിരുന്നു.

ഡോ. എം.സൂസപാക്യം വിരമിച്ച സാഹചര്യത്തിലാണ് നിയുക്ത ആര്‍ച്ച് ബിഷപ്പായി മോണ്‍. തോമസ് ജെ. നെറ്റോയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചത്. പുതിയതുറ സെന്റ് നിക്കോളാസ് ഇടവകാംഗമായ ഡോ. തോമസ് നെറ്റോ തിരുവനന്തപുരം ലത്തീന്‍ അതിരൂപത ശുശ്രൂഷകളുടെ കോ-ഓര്‍ഡിനേറ്റര്‍ സ്ഥാനത്തു നിന്നാണ് അതിരൂപതയുടെ പുതിയ ഇടയനാകുന്നത്.

 

Latest News