കമ്പ്യൂട്ടർ ഭാഷയായ ബേസിക്കിന്റെ സഹസൃഷ്ടാവ് തോമസ് ഇ കുർത്‌സ് അന്തരിച്ചു. 96 വയസ്സായിരുന്നു. 1960 ൽ ഡാർട്മത് കോളജ് പ്രൊഫസർ ആയിരുന്ന അവസരത്തിലാണ് കമ്പ്യൂട്ടറിനു നിർദേശം നൽകുന്നതിനുള്ള അടിസ്ഥാന കോഡുകൾ ഇദ്ദേഹം തയ്യാറാക്കിയത്.
സഹ അധ്യാപകനായ ജോൺ കെമെനിയുമായി ചേർന്നാണ് കമ്പ്യൂട്ടറിനു നിർദേശം നൽകുന്നതിനുള്ള അടിസ്ഥാന കോഡുകൾ കുർത്‌സ് വികസിപ്പിച്ചത്. ഇവർ തയ്യാറാക്കിയ കമ്പ്യൂട്ടർ ഭാഷയുടെ അടിസ്ഥാനത്തിൽ ‘ഡാർട്മത് ടൈം ഷെയറിങ് സിസ്റ്റം’ എന്നപേരിൽ പ്രോഗ്രാം തയ്യാറാക്കി. ഇത് അൻപതോളം സ്കൂളിലെ വിദ്യാർഥികൾക്ക് ലഭ്യമാക്കുകയും ചെയ്തു.
വിദ്യാർഥികൾക്ക് വിദൂരത്തുനിന്ന് ടെലിഫോൺ കണക്ഷൻ വഴി ഉപയോഗിക്കാവുന്ന വിധത്തിലായിരുന്നു ഈ സംവിധാനം ക്രമീകരിച്ചിരുന്നത്. ഒപ്പം ഇതിന്റെ ഉപയോഗം വളരെ ലളിതമാക്കാനും ഇവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കമ്പ്യൂട്ടർ അറിയാത്തവർക്കുപോലും ഉപയോഗിക്കാൻ കഴിയുമെന്നതിനാൽ ഇത് വളരെ വേഗം ആളുകൾക്ക് പ്രിയപ്പെട്ടതായി.