Thursday, April 3, 2025

ഭീകരവാദത്തെ തഴുകി താലോലിക്കുന്നവര്‍ വന്‍ അപകടം ക്ഷണിച്ചുവരുത്തും; ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍

മതത്തിന്റെ മറവില്‍ ഭീകരവാദത്തെ തഴുകി താലോലിച്ച് വെള്ളപൂശുവാന്‍ നടത്തുന്ന ബോധപൂര്‍വ്വവും സംഘടിതവുമായ കുത്സിതശ്രമങ്ങള്‍ക്ക് കീഴ്പ്പെട്ടാല്‍ വന്‍ അപകടം ഭാവിയില്‍ സമൂഹം ക്ഷണിച്ചുവരുത്തുമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍.

ഭരണ അധികാരത്തിനും രാഷ്ട്രീയ നേട്ടങ്ങള്‍ക്കും വേണ്ടി ഭീകരവാദപ്രസ്ഥാനങ്ങളോട് സന്ധി പ്രഖ്യാപിച്ച് കൂട്ടുചേരുന്നവരും ഇവര്‍ക്കായി കുടപിടിക്കുന്നവരും മാതൃരാജ്യത്തെയും ജനങ്ങളെയും നാശത്തിലേയ്ക്ക് തള്ളിവിടുന്നുവെന്ന് തിരിച്ചറിയണം. രാഷ്ട്രീയ പാര്‍ട്ടികളിലൂടെ ഭീകരവാദശക്തികള്‍ ഭരണസംവിധാനത്തിനുള്ളിലേയ്ക്ക് നുഴഞ്ഞു കയറുന്നതിന്റെ സൂചനകളും തെളിവുകളും പുറത്തുവന്നിട്ടും ഉത്തരവാദിത്തപ്പെട്ടവര്‍ പുറംതിരിഞ്ഞു നില്‍ക്കുന്നത് കേരള സമൂഹം ചോദ്യം ചെയ്യണം.

സുഡാനിലും നൈജീരിയയിലും ഇസ്ലാമിക ഭീകര അക്രമത്തില്‍ നിരവധി ക്രൈസ്തവര്‍ കുഞ്ഞുങ്ങളടക്കം ദിനംപ്രതി കൊല്ലപ്പെടുന്നത് കേരള മനഃസാക്ഷി കാണാതെ പോകരുത്. കോംഗോയില്‍ ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് ഇസ്ലാംമതം സ്വീകരിക്കാത്തതിന്റെ പേരില്‍ 14 ക്രൈസ്തവരെ ഐഎസുമായി ബന്ധമുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ് കഴുത്തറുത്തു കൊന്നപ്പോള്‍ കേരളത്തിലെ മതേതരവാദികള്‍ മൗനം പാലിച്ചതും മറക്കരുത്. ഇറാക്കില്‍ യസീദി ക്രൈസ്തവരെ ഐ.എസ്.ഭീകരവാദികള്‍ കൂട്ടക്കൊല നടത്തിയപ്പോഴും, അവശേഷിച്ചവരെ പാലായനത്തിന് വിധേയമായപ്പോഴും സ്ത്രീകളെയൊന്നാകെ ലൈംഗിക അടിമകളാക്കുകയും കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചുമൂടുകയും, ഒരു സമൂഹത്തെത്തന്നെ വംശഹത്യ നടത്തുകയും ചെയ്തപ്പോഴും കേരളത്തിലെ സാംസ്‌കാരിക രാഷ്ട്രീയ നേതൃത്വം മൗനവ്രതത്തിലായത് പൊതുസമൂഹം കണ്ടതാണ്.

നഗോര്‍ണാ-കരാബാക്കിലെ 1.25 ലക്ഷത്തോളം അര്‍മേനിയന്‍ ക്രിസ്ത്യാനികളെ മതവിദ്വേഷത്തിന്റെ പേരില്‍ കൊന്നൊടുക്കുകയും ശേഷിച്ചവരെ നിരാലംബരാക്കി ആട്ടിപ്പായിക്കുവാന്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചത് തുര്‍ക്കിയിലെ എര്‍ദോഗന്‍ ഭരണകൂടമാണ്. സമാധാനവും സ്നേഹവും കരുണയും കൈമുതലായുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ മതഭീകരതയും തീവ്രവാദവും കുത്തിനിറച്ച് അക്രമങ്ങള്‍ അഴിച്ചുവിടുന്ന അഭയാര്‍ത്ഥികളുടെ ആശയ പ്രചാരകരാകാന്‍ കേരളത്തിന്റെ സാംസ്‌കാരിക നേതൃത്വങ്ങളെന്ന് സ്വയം അവകാശപ്പെടുന്നവര്‍ ശ്രമിക്കുന്നത് എതിര്‍ക്കപ്പെടേണ്ടതാണ്.

ഭീകരവാദപ്രസ്ഥാനങ്ങള്‍ ക്രൈസ്തവ സമൂഹത്തെയൊന്നാകെ ആഗോളതലത്തില്‍ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ മാനവികതയും മനുഷ്യാവകാശവും മതേതരത്വവും സാമൂഹ്യപ്രതിബദ്ധതയും നീതിയും കാറ്റില്‍ പറത്തി ഭീകരരെയും അവരുടെ പ്രസ്ഥാനങ്ങളെയും സംരക്ഷിക്കാന്‍ വേണ്ടിയുള്ള സാക്ഷരകേരളത്തിലെ ചില ബുദ്ധിജീവികളുടെ മുറവിളി ലജ്ജാകരമാണ്.

ആഗോള ഭീകരവാദത്തിന്റെ ചുവടുപിടിച്ച് ആഭ്യന്തര ഭീകരവാദത്തിനും, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും വെള്ളവും വളവും നല്‍കി വളര്‍ത്താന്‍ ശ്രമിക്കുന്നത് സ്വയം നാശത്തിന്റെ വഴികള്‍ തുറന്നുകൊടുക്കും. ഭീകരവാദത്തിന്റെ ഇതര രൂപങ്ങള്‍ മദ്യവും മയക്കുമരുന്നും മസ്തിഷ്‌ക പ്രക്ഷാളനവുമായി കേരളത്തിലെ പുതുതലമുറയിലേയ്ക്കും പ്രത്യേകിച്ച് കലാലയങ്ങളിലേയ്ക്കുമിന്ന് വ്യാപിച്ചിരിക്കുന്നത് യുവത്വത്തിന്റെ മാത്രമല്ല കുടുംബങ്ങളുടെയും തകര്‍ച്ചയ്ക്ക് ഇടനല്‍കും. മതഭീകരവാദപ്രവര്‍ത്തനങ്ങള്‍ ഏതു കോണില്‍ നിന്നുയര്‍ന്നാലും എതിര്‍ത്തു തോല്‍പ്പിക്കേണ്ടത് പൊതുസമൂഹത്തിന്റെ നിലനില്പിന് അനിവാര്യമാണെന്നും മനുഷ്യജീവന്റെ സംരക്ഷണത്തിനായി മനുഷ്യമനഃസാക്ഷി ഉണരണമെന്നും വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

Latest News