ഉത്തർപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്നും രക്തം സ്വീകരിച്ചവര്‍ക്ക് എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് ബാധ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കാൺപൂരിലെ ലാല ലജ്പത് റായ് ആശുപത്രിയിൽ തിങ്കളാഴ്ചയാണ് സംഭവം. രക്തം സ്വീകരിച്ച 14 കുട്ടികളിലാണ് എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് ബാധ കണ്ടെത്തിയത്.
തലാസീമിയ രോഗാവസ്ഥയെ തുടർന്നാണ് കുട്ടികൾ രക്തം സ്വീകരിച്ചത്. 180 തലാസീമിയ രോഗികൾ ലാല ലജ്പത് റായ് സെന്റർവഴിയും 14 പേര്‍ പ്രൈവറ്റ്, ജില്ലാ ആശുപത്രികളിൽനിന്നും രക്തം സ്വീകരിച്ചു. ഇവരിലാണ് അണുബാധ കണ്ടെത്തിയത്. ഇപ്പോഴത്തെ സാഹചര്യത്തിൽ തലാസീമിയ രോഗവസ്ഥയേക്കാള്‍ ഗുരുതരമായ ആരോഗ്യസ്ഥിതിയിലൂടെയാണ് കുട്ടികള്‍ കടന്നുപോകുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, രക്തം നൽകുന്നതിനുമുമ്പ് നടത്തേണ്ടുന്ന വൈറസ് പരിശോധനകൾ പരാജയപ്പെട്ടതാകാം അണുബാധയുണ്ടാകാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇൻഫെക്ഷൻ വന്നതിന്റെ ശരിയായ ഉറവിടം കണ്ടെത്താൻ ബുദ്ധിമുട്ടാണെന്നും അധികൃതര്‍ വ്യക്തമാക്കി. രക്തം സ്വീകരിക്കുമ്പോഴുള്ള വെല്ലുവിളികളാണ് ഇതിലൂടെ മനസ്സിലാകുന്നതെന്നും ഹെപ്പറ്റൈറ്റിസ് രോഗികളെ ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗത്തിലേക്കും എച്ച്.ഐ.വി രോഗികളെ കാൺപൂരിലെ എച്ച്.ഐ.വി റെഫെറൽ സെന്ററിലേക്കും റഫർ ചെയ്തിട്ടുണ്ടെന്നും ലാല ലജ്പത് റായ് ഹോസ്പിറ്റൽ നോഡൽ ഓഫീസറും പീഡിയാട്രിക്സ് വിഭാഗം മേധാവിയുമായ ഡോ. അരുൺ ആര്യ പറയുന്നു.