Wednesday, April 2, 2025

ഗാസയിൽ ഹമാസിനെതിരായ പ്രതിഷേധത്തിന്റെ രണ്ടാം ദിവസം പങ്കെടുത്തത് ആയിരക്കണക്കിനു പേർ

വടക്കൻ ഗാസയിൽ യുദ്ധവിരുദ്ധ പ്രതിഷേധങ്ങളുടെ രണ്ടാം ദിവസമായ ഇന്നലെ ആയിരക്കണക്കിനു പലസ്തീനികൾ മാർച്ച് നടത്തി. ഭരണകക്ഷിയായ ഭീകരസംഘടനയ്‌ക്കെതിരെയുള്ള പൊതുജനരോഷമാണ് പ്രകടമായത്. പലരും ഹമാസിനെതിരെ മുദ്രാവാക്യം വിളിക്കുകയായിരുന്നു. പലസ്തീനികൾ മാർച്ച് നടത്തിയപ്പോൾ പ്രതിരോധമന്ത്രി ഇസ്രായേൽ കാറ്റ്‌സ് മറ്റുള്ളവരോട് പ്രതിഷേധത്തിൽ പങ്കുചേരാൻ അഭ്യർഥിച്ചു. അതേസമയം ഭീകരസംഘടന, ഇസ്രായേലി ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഹമാസിനെതിരെയുള്ള സൈനിക നടപടി കൂടുതൽ ശക്തമാകുമെന്ന മുന്നറിയിപ്പും നൽകി.

പ്രതിഷേധങ്ങൾ പൊതുവെ ലക്ഷ്യംവയ്ക്കുന്നത് യുദ്ധത്തിനെതിരെയാണ്. ഗാസയിലെ ജീവിതം ദുസ്സഹമാക്കിയ ഹമാസ് ആരംഭിച്ച പോരാട്ടം അവസാനിപ്പിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ‘ഹമാസ് ഞങ്ങളെ പ്രതിനിധീകരിക്കുന്നില്ല’ എന്നെഴുതിയ ബാനറുകൾ വഹിച്ചുകൊണ്ട് ഗാസ നഗരത്തിലും പ്രദേശത്തിന്റെ വടക്കുഭാഗത്തുള്ള ബെയ്ത് ലാഹിയ പട്ടണത്തിലും പ്രകടനങ്ങൾ നടന്നു.

ചൊവ്വാഴ്ച സമാനമായ ഒരു പ്രതിഷേധപ്രകടനം നടന്ന ബെയ്റ്റ് ലാഹിയയിൽ ഏകദേശം മൂവായിരം പേരാണ് പ്രകടനത്തിൽ പങ്കെടുത്തത്. പലരും, ‘ജനങ്ങൾ ഹമാസിന്റെ പതനം ആഗ്രഹിക്കുന്നു’ എന്ന് ആക്രോശിക്കുകയായിരുന്നു. ഗാസ നഗരത്തിലെ ഷിജയ്യ പ്രദേശത്ത്, ഡസൻകണക്കിനു പുരുഷന്മാർ ‘ഹമാസ് പുറത്തുവരിക!’ എന്ന് വിളിച്ചുപറഞ്ഞു. മുൻപുണ്ടായിട്ടുള്ള പ്രതിഷേധങ്ങളെ ഭീകരസംഘം അക്രമാസക്തമായി അടിച്ചമർത്തിയിട്ടുണ്ട്. എന്നാൽ ഇത്തവണ നേരിട്ടുള്ള ഇടപെടലുകളൊന്നും ഉണ്ടായിട്ടില്ല. ഒരുപക്ഷേ, ഇസ്രായേൽ ഹമാസിനെതിരെ യുദ്ധം പുനരാരംഭിച്ചതിനുശേഷം അവർ നിശ്ശബ്ദത പാലിച്ചതുകൊണ്ടാകാം എന്നാണ് പലരും ഇതിനെ അനുമാനിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News