ഇസ്രയാല്‍ ഹമാസ് യുദ്ധം തുടങ്ങി ആറ് മാസമായിട്ടും ബന്ദികളെ എല്ലാവരെയും മോചിപ്പിക്കാന്‍ കഴിയാത്തതില്‍ ഇസ്രയേലില്‍ അമര്‍ഷം ശക്തമാവുന്നു. ടെല്‍ അവീവ് അടക്കം രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ പതിനായിരങ്ങളാണ് തെരുവിലിറങ്ങി പ്രതിഷേധിച്ചത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകാരികള്‍ക്കൊപ്പം ബന്ദികളുടെ ബന്ധുക്കളും അണിചേര്‍ന്നു.
നെതന്യാഹു രാജിവയ്ക്കണമെന്നും രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഹമാസ് ബന്ദിയാക്കിയ ഒരാളുടെ മൃതദേഹം ഇസ്രയേല്‍ സേന കണ്ടെടുത്തതിന് പിന്നാലെയാണ് പ്രക്ഷോഭകാരികള്‍ തെരുവിലിറങ്ങിയത്.
പല സ്ഥലങ്ങളിലും പ്രതിഷേധക്കാരും പോലീസും തമ്മില്‍ സംഘര്‍ഷങ്ങളുണ്ടായി. ഇലാദ് കാറ്റ്‌സിര്‍ എന്നയാളുടെ മൃതദേഹമാണ് ഇസ്രയേല്‍ സേന കണ്ടെത്തിയത്. നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് ബന്ദിയാക്കപ്പെട്ടവരെ മോചിപ്പിക്കാന്‍ സാധിക്കാത്തതിലെ അമര്‍ഷം പ്രതിഷേധക്കാര്‍ മറച്ചു വയ്ക്കുന്നില്ല.
ശനിയാഴ്ചയാണ് ഇലാദിന്റെ മൃതദേഹം കണ്ടെത്തിയത്. 130 ബന്ദികളെയാണ് ഇനിയും വിട്ടയ്ക്കാനുള്ളത്. ഇസ്രയേല്‍ സര്‍ക്കാരിനെയാണ് സഹോദരന്റെ മരണത്തില്‍ ഇലാദിന്റെ സഹോദരി പഴിക്കുന്നത്. നേതൃസ്ഥാനത്തുള്ളവര്‍ രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് ആറ് മാസമായിട്ടും വെടിനിര്‍ത്തല്‍ സാധ്യമാകാത്തതെന്നും ഇലാദിന്റെ സഹോദരി അന്തര്‍ദേശീയ മാധ്യമങ്ങളോട് വിശദമാക്കി. ഒക്ടോബര്‍ ഏഴിനുണ്ടായ ഹമാസ് ആക്രമണത്തിന് പിന്നാലെ ആരംഭിച്ച യുദ്ധത്തില്‍ 33000 ത്തോളം പേരാണ് ഇതിനോടകം കൊല്ലപ്പെട്ടിട്ടുള്ളത്. ഇതില്‍ ഏറിയ പങ്കും സ്ത്രീകളും കുട്ടികളുമാണ്.
ഇസ്രയേല്‍ പുറത്ത് വിട്ട കണക്കുകളുടെ അടിസ്ഥാനത്തില്‍ 253 ഇസ്രയേല്‍ പൗരന്മാരേയും വിദേശികളെയുമാണ് ഹമാസ് ബന്ദികളാക്കിയിട്ടുള്ളത്. അതേസമയം വെടിനിര്‍ത്തല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി കെയ്‌റോയില്‍ ഇന്ന് മധ്യസ്ഥരുടെ യോഗം ചേരും.