Sunday, February 9, 2025

ജോൺ എഫ് കെന്നഡിയുടെ കൊലപാതകം സംബന്ധിച്ച് കൂടുതൽ രേഖകൾ പുറത്ത്

മുൻ യുഎസ് പ്രസിഡന്റ് ജോൺ എഫ് കെന്നഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് രേഖകൾ ആദ്യമായി പുറത്തുവിടാൻ വൈറ്റ് ഹൗസ് ഉത്തരവിട്ടു. ഏകദേശം 13,173 ഫയലുകൾ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്നതോടെ ഇതുമായി ബന്ധപ്പെട്ട 97% രേഖകളും പരസ്യമാകുമെന്ന് അമേരിക്കൻ പ്രസിഡൻ്റിൻ്റെ ഓഫീസ് അറിയിച്ചു.

രേഖകളിൽ നിന്ന് വലിയ വെളിപ്പെടുത്തലുകളൊന്നും പ്രതീക്ഷിക്കുന്നില്ല എങ്കിലും ആരോപിക്കപ്പെടുന്ന കൊലയാളിയെ കുറിച്ച് കൂടുതൽ അറിയാൻ ഇവ സഹായിക്കും എന്ന് ചരിത്രകാരന്മാർ പ്രതീക്ഷിക്കുന്നു. 1963 നവംബർ 22 ന് ടെക്‌സസിലെ ഡാളസ് സന്ദർശനത്തിനിടെയാണ് യു എസ് പ്രസിഡന്റ് ജോൺ എഫ് കെന്നഡി വെടിയേറ്റ് മരിച്ചത്. കെന്നഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് രേഖകൾ പുറത്ത് വിടാൻ പ്രസിഡന്റ് ജോ ബൈഡൻ ഉത്തരവിട്ടത് വ്യാഴാഴ്ചയായിരുന്നു.

സുരക്ഷയുടെ ഭാഗമായി ചില രേഖകൾ 2023 ജൂൺ വരെ പുറത്ത് വിടില്ലെ എന്നും ബൈഡൻ വ്യക്തമാക്കി. 515 രേഖകൾ പൂർണമായി തടഞ്ഞുവയ്ക്കുമെന്നും 2,545 രേഖകൾ ഭാഗികമായും തടഞ്ഞുവയ്ക്കുമെന്നും യു എസ് നാഷണൽ ആർക്കൈവ്‌സ് അറിയിച്ചു. 2017 ഓടെ എല്ലാ വിവരങ്ങളും പുറത്തുവിടാൻ 1992-ലെ നിയമം നിർബന്ധിതമാക്കിയിട്ടും ട്രംപ് ഭരണകൂടം ചില രേഖകൾ മാത്രം ആണ് വെളിപ്പെടുത്തിയത്. ദേശീയ സുരക്ഷയുടെ പേരിൽ ചിലത് തടഞ്ഞുവയ്ക്കുകയും ചെയ്തിരുന്നു. 2021 ഒക്ടോബറിൽ, 1,500 ഓളം രേഖകൾ ബൈഡൻ പുറത്തുവിട്ടു. എന്നാൽ ബാക്കിയുള്ളവ മുദ്രവെച്ചിരിക്കുകയാണെന്നാണ് പറഞ്ഞിരുന്നത്. ഫയലുകൾ പുറത്തുവിടുന്നത് കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണത്തെ സംബന്ധിച്ച് പൊതുജനങ്ങൾക്ക് കൂടുതൽ ധാരണ നൽകുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.

Latest News