ഇറാഖിലെ യസീദി ന്യൂനപക്ഷത്തിനെതിരെ ഇസ്ലാമിക് സ്റ്റേറ്റ് (ഐസിസ്) നടത്തിയ ഒരു ദശാബ്ദക്കാലത്തെ ഭീകരതയ്ക്കുശേഷം കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ആയിരക്കണക്കിനു സ്ത്രീകളെയും പെൺകുട്ടികളെയുമാണ് ഇതുവരെ കാണാതായിരിക്കുന്നത്. ഇവരെ കണ്ടെത്തുന്നതിനും രക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങൾ ആക്ടിവിസ്റ്റുകളുടെയും അതിജീവിച്ചവരുടെയും സന്നദ്ധപ്രവർത്തകരുടെയും നേതൃത്വത്തിൽ ഒരു ആഗോളശൃംഖലയായി തുടരുന്നുവെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
2014 ഓഗസ്റ്റിൽ, യസീദി സമൂഹത്തിന്റെ ആസ്ഥാനമായ ഇറാഖിലെ സിൻജാർ പ്രദേശത്ത് ഐസിസ് ഭീകരർ വംശഹത്യ നടത്തിയിരുന്നു. ഐക്യരാഷ്ട്ര സഭയും യസീദി അഭിഭാഷക സംഘടനകളും ഉൾപ്പെടെ ഒന്നിലധികം സ്രോതസ്സുകളിൽ നിന്നുള്ള കണക്കുകൾപ്രകാരം മൂവായിരത്തിലധികം യസീദികൾ കൊല്ലപ്പെടുകയും ആറായിരത്തിലധികം പേരെ തട്ടിക്കൊണ്ടു പോകുകയും ചെയ്തിട്ടുണ്ട്. ഇന്ന്, ഐസിസിന്റെ പ്രാദേശിക പരാജയത്തിനുശേഷവും ഏകദേശം മൂവായിരം യസീദികൾ കാണാമറയത്തു തന്നെയാണ്. പലരും ഇപ്പോഴും മിഡിൽ ഈസ്റ്റിലുടനീളം തടവിലാക്കപ്പെടുകയോ, ഐസിസ് പോരാളികളുടെ കുടുംബങ്ങളിലേക്കു കടത്തപ്പെടുകയോ ചെയ്തിട്ടുണ്ടാകാം.
മേരിലാൻഡ് ആസ്ഥാനമായുള്ള ഫ്രീ യസീദി ഫൗണ്ടേഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും യസീദി ആക്ടിവിസ്റ്റുമായ പാരി ഇബ്രാഹിം, കുടുംബങ്ങൾ സമർപ്പിക്കുന്ന ഫോട്ടോകൾ വഴി കാണാതായ സ്ത്രീകളെയും പെൺകുട്ടികളെയും തിരിച്ചറിയുന്നതിനായി പ്രവർത്തിക്കുന്നു. “പത്തുവർഷം ഒരാളുടെ മുഖത്തും രൂപത്തിലും വളരെയധികം മാറ്റങ്ങൾ കൊണ്ടുവരുന്നു” – തട്ടിക്കൊണ്ടുപോകലിനു മുൻപെടുത്ത പെൺകുട്ടികളുടെ ഫോട്ടോകൾ സമീപവർഷങ്ങളിൽ കണ്ടെത്തിയ സ്ത്രീകളുടെ ചിത്രങ്ങളുമായി താരതമ്യം ചെയ്യുന്നുണ്ടെന്ന് ഇബ്രാഹിം പറയുന്നു.