കൊച്ചിയില്‍ വേരുറപ്പിച്ചിട്ടുള്ള ഗുണ്ടാ/അധോലോക സംഘങ്ങള്‍ക്കെതിരെ വാര്‍ത്ത നല്‍കിയ ന്യൂസ് 18 കേരളം അസോസിയേറ്റ് എഡിറ്ററും കൊച്ചി ബ്യൂറോ ചീഫുമായ ടോം കുര്യാക്കോസിനും കുടുംബത്തിനും ഭീഷണി സന്ദേശം. ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയും അവരുടെ പ്രവര്‍ത്തന രീതികളും സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കിയതാണ് പ്രകോപനം. ടോമിന്റെ വീടിന്റെ മുന്നില്‍ നിന്ന് പകര്‍ത്തിയ ചിത്രവും വീട്ടിലുള്ളവരെ ആക്രമിക്കുമെന്ന ഭീഷണിയുമാണ് വാട്‌സാപ്പില്‍ സന്ദേശമായി ലഭിച്ചത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ന്യൂസ് 18 ഉം ടോം കുര്യാക്കോസും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.
വസ്തുനിഷ്ഠമായി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ ഗുണ്ടാ അധോലോക സംഘങ്ങള്‍ മാധ്യമപ്രവര്‍ത്തകരുടെ ജീവന് ഭീഷണി ഉയര്‍ത്തുന്നത് കേരളത്തില്‍ കേട്ടുകേള്‍വിയുള്ള കാര്യമല്ല. മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ സംഭവത്തെ അപലപിച്ച് കത്തോലിക്കാ കോണ്‍ഗ്രസ് രംഗത്തെത്തി.
കത്തോലിക്കാ കോണ്‍ഗ്രസിന്റെ പ്രതികരണമിങ്ങനെ…
സത്യം വിളിച്ചു പറയുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലും ജീവിക്കാന്‍ സാധിക്കാത്ത നാടായി കേരളം മാറുന്നുവോ? കൊച്ചിയിലെ അധോലോകത്തെ പറ്റിയുള്ള വാര്‍ത്ത പുറത്ത് വിട്ടതിന് ടോം കുര്യാക്കോസ് എന്ന മാധ്യമ പ്രവര്‍ത്തകനും വീട്ടുകാരും നേരിട്ട വധ ഭീഷണിയെ ആശങ്കയോടെയെ കാണാനാകൂ.
പുഴുക്കുത്തുകള്‍ തുറന്നു കാട്ടാന്‍ ശ്രമിക്കുന്നവരെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന പ്രവണത കേരളത്തില്‍ കൂടി വരുന്നില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നിയമ വാഴ്ച ഇല്ലാതായാല്‍ ആരജകത്വമാകും ഫലം. ഗുണ്ടാത്തലവന്മാര്‍ രഹസ്യ മാര്‍ഗ്ഗങ്ങളിലൂടെ നാട് ഭരിക്കുന്ന കാഴ്ച നാണക്കേട് എന്ന് പറയാതെ വയ്യ!
ഇലക്ഷന് വോട്ട് തേടിയിറങ്ങിയ ഒരു രാഷ്ട്രീയ പാര്‍ട്ടി പോലും ഈ തോന്നിവാസത്തിന് എതിരെ പ്രതികരിക്കുന്നില്ല എന്നത് സങ്കടകരമാണ്. ജനത്തിന്റെ വോട്ട് കീശയിലാക്കാന്‍ ശ്രമിക്കുമ്പോള്‍ ജനതയുടെ ജീവന്‍ കാക്കാനുള്ള ചുമതലയും ജനപ്രതിനിധികള്‍ക്കാണ് എന്ന് മറക്കാതിരിക്കുക.