Saturday, April 19, 2025

മൂന്ന് ഇസ്രായേലികളെയും അഞ്ച് തായ് ബന്ദികളെയും അടുത്തതായി ഹമാസ് മോചിപ്പിക്കുമെന്നു പ്രതീക്ഷിക്കുന്നു

മൂന്ന് ഇസ്രയേലി ബന്ദികളെയും അഞ്ച് തായ് പൗരന്മാരെയും ഹമാസ് വ്യാഴാഴ്ച ഗാസയിൽനിന്ന് മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇസ്രായേൽ അറിയിച്ചു. ഇസ്രായേൽ ബന്ദികളായ അർബെൽ യെഹൂദ്, അഗം ബെർഗർ, ഗാഡി മോസസ് എന്നിവരെയാണ് ഹമാസ് മോചിപ്പിക്കാനൊരുങ്ങുന്നത്. എന്നാൽ മോചിപ്പിക്കാനൊരുങ്ങുന്ന തായ് പൗരന്മാരുടെ പേരുവിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

രണ്ട് സ്ത്രീകൾ, സിവിലിയൻ അർബെൽ യെഹൂദ് (29), സൈനിക നിരീക്ഷകൻ അഗം ബെർഗർ (20), ഗാഡി മോസസ് (80) എന്നിവരാണ് മോചിതരാകാൻപോകുന്ന ഇസ്രായേലികൾ. ഇത്‌ പൂർത്തിയാകുമ്പോൾ, ഏറ്റവും പുതിയ ഗാസ വെടിനിർത്തൽ കരാറിലെ മൂന്നാമത്തെ ബന്ദിമോചനമായിരിക്കും ഇത്. ഇസ്രായേൽ ബന്ദികൾക്കു പകരമായി 110 പലസ്തീനികളെ ഇസ്രായേൽ ജയിലുകളിൽനിന്ന് മോചിപ്പിക്കും.

തായ് ബന്ദികളുടെ പേരുവിവരങ്ങൾ ഇതുവരെ പരസ്യമാക്കിയിട്ടില്ല. അവരുടെ മോചനം ഹമാസിന്റെ ഏകപക്ഷീയമായ നീക്കമായിരിക്കും. അത് കരാറിന്റെ ഭാഗമാകില്ല. ഇവർ ഇസ്രായേലിൽ ജോലിചെയ്തിരുന്ന കർഷക തൊഴിലാളികളാണെന്നാണ് റിപ്പോർട്ട്.

തങ്ങളുടെ ആറ് പൗരന്മാർ ഇപ്പോഴും ഗാസയിൽ ബന്ദികളാണെന്ന് തായ്‌ലൻഡ് സർക്കാർ അറിയിച്ചു. വാച്ചറ ശ്രിയാൻ, ബന്നാവത് സീതോ, സത്യൻ സുവന്നഖാം, നട്ടപോങ് പിന്താ, പോങ്‌സാക് തന്ന, സുരസക് ലാംനൗ എന്നിവരാണ് ആ ആറ് പൗരന്മാർ. തായ്‌ലൻഡിലെ മറ്റു രണ്ട് ബന്ദികളായ സുഡ്തിസക് റിന്തലക്, സോന്തായ ഓഖരാശ്രീ എന്നിവർ മരിച്ചതായി കരുതുന്നതായി തായ്‌ലൻഡ് അറിയിച്ചു.

ഇസ്രായേൽ മോചിപ്പിക്കാൻ തീരുമാനിച്ച 110 പലസ്തീൻ തടവുകാരുടെയും പേരുകൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ അവരിൽ കുറഞ്ഞത് 30 സ്ത്രീകളും കുട്ടികളും ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട തടവുകാരും ഉൾപ്പെടുന്നുണ്ടെന്നാണ് കരുതുന്നത്.

ജനുവരി 19 ന് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷമുള്ള മൂന്നാമത്തെ കൈമാറ്റത്തിന്റെ ഭാഗമാണ് അവരുടെ മോചനം. ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന 290 ലധികം പലസ്തീൻ തടവുകാർക്കു പകരമായി ഏഴ് സ്ത്രീകളെ ഇതിനകം ജീവനോടെ മോചിപ്പിച്ചിട്ടുണ്ട്. മൂന്നുപേർ ഉൾപ്പെടുന്ന നാലാമത്തെ ബന്ദിമോചനം ശനിയാഴ്ച നടക്കുമെന്ന് ഇസ്രായേൽ സർക്കാർ അറിയിച്ചു.

Latest News