ശിശു ആരോഗ്യമേഖലയിലെ രണ്ട് പ്രമുഖ വിദഗ്ധർ നടത്തിയ പഠനമനുസരിച്ച്, ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന അണുബാധകൾ മൂലം 2022 ൽ ലോകമെമ്പാടുമുള്ള മൂന്നു ദശലക്ഷത്തിലധികം കുട്ടികൾ മരിച്ചതായി റിപ്പോർട്ട്. ആഫ്രിക്കയിലെയും തെക്കുകിഴക്കൻ ഏഷ്യയിലെയും കുട്ടികളാണ് ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ള ഗണത്തിൽപെടുന്നതെന്നും പഠന റിപ്പോർട്ട് പറയുന്നു.
അണുബാധകൾക്കു കാരണമാകുന്ന സൂക്ഷ്മാണുക്കൾ, ആന്റിബയോട്ടിക് മരുന്നുകൾ പ്രവർത്തിക്കാത്ത സാഹചര്യത്തിൽ പരിണമിക്കുമ്പോഴാണ് ആന്റിമൈക്രോബയൽ (എ എം ആർ) പ്രതിരോധം വികസിക്കുന്നത്. ലോകജനസംഖ്യ നേരിടുന്ന ഏറ്റവും വലിയ പൊതുജനാരോഗ്യ ഭീഷണികളിൽ ഒന്നായി ഇതിനെ തിരിച്ചറിഞ്ഞിട്ടുണ്ട്.
എ എം ആർ കുട്ടികളിൽ വരുത്തിവയ്ക്കുന്ന ആഘാതം എന്താണെന്ന് പുതിയ പഠനത്തിൽ വെളിപ്പെടുത്തുന്നു. ലോകാരോഗ്യ സംഘടന (WHO), ലോക ബാങ്ക് എന്നിവയുൾപ്പെടെ ഒന്നിലധികം സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിച്ചാണ് പഠനം നടത്തുന്നത്.