അഫ്ഗാനിസ്ഥാനിൽ സദാചാരക്കുറ്റം ആരോപിച്ച് മൂന്ന് സ്ത്രീകളുൾപ്പെടെ 12 പേർക്ക് പരസ്യമായി ശിക്ഷ നൽകി താലിബാൻ ഭരണകൂടം. ഫുട്ബോൾ സ്റ്റേഡിയത്തിൽ ആയിരക്കണക്കിന് കാണികൾക്ക് മുന്നിലാണ് താലിബാൻ ചാട്ടവാറിനടിച്ചത്. വ്യഭിചാരം, മോഷണം, സ്വവർഗ ലൈംഗികത തുടങ്ങിയ കുറ്റങ്ങളാരോപിച്ചാണ് താലിബാന്റെ നടപടി.
ഈമാസം രണ്ടാം തവണയാണ് താലിബാൻ പൊതുജന മധ്യത്തിൽ ചാട്ടവാറടി നടത്തുന്നത്. ശിക്ഷയ്ക്ക് ശേഷം കൂട്ടത്തിലെ മൂന്ന് സ്ത്രീകളെയും സ്വതന്ത്രരാക്കിയെന്നും എന്നാൽ പുരുഷന്മാരിൽ ചിലരെ ജയിലിലടച്ചെന്നും താലിബാന്റെ വക്താവായ ഒമർ മൻസൂർ മുജാഹിദ് അറിയിച്ചു. 21 മുതൽ 39 തവണ വരെയാണ് ഓരോരുത്തരേയും അടിച്ചത്. കഴിഞ്ഞയാഴ്ച വടക്കൻ അഫ്ഗാനിൽ സമാനമായ രീതിയിൽ 19 പേർ ശിക്ഷിക്കപ്പെട്ടിരുന്നു. താലിബാന്റെ പരമോന്നത നേതാവായ ഹിബത്തുള്ള അഖുൻസാദ രാജ്യത്തെ ജഡ്ജിമാരോട് ഇസ്ലാമിക് ശരിയത്ത് അനുസരിച്ച് വേണം കുറ്റങ്ങൾക്ക് ശിക്ഷ വിധിക്കാൻ എന്ന നിർദേശം നൽകി ദിവസങ്ങൾക്കുള്ളിലാണ് അതിക്രൂരമായ ശിക്ഷാവിധി നടപ്പാക്കിയത്.
രാജ്യത്ത് സ്ത്രീകൾ ഒളിച്ചോടുകയും വീട് വിട്ട് ഇറങ്ങിപ്പോകുകയും ചെയ്യുന്നത് പതിവായെന്ന കാരണമാണ് കടുത്ത ശിക്ഷാ നടപടികളെ ന്യായീകരിക്കാൻ താലിബാൻ പറയുന്നത്. സ്ത്രീകൾക്കെതിരായ ശിക്ഷകൾ കൂടുതൽ കടുപ്പിക്കുമെന്നും താലിബാൻ നേതൃത്വം പറയുന്നു. വിദ്യാഭ്യാസത്തിന് വിലക്കേർപ്പെടുത്തുന്നത് പോലും സ്ത്രീകളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണെന്നാണ് വിശദീകരണം.