റഷ്യ യുക്രൈനിൽ അധിനിവേശം നടത്തിയിട്ട് ഇന്നേക്ക് മൂന്നുവർഷം പൂർത്തിയായി. യുദ്ധം മൂലം ഇരുരാജ്യങ്ങൾക്കും നാശനഷ്ടങ്ങളുടെ കണക്ക് മാത്രമേ പറയാനുള്ളൂ. ലോകം മുഴുവനും ഉപരോധം ഏർപെടുത്തിയിട്ടും പിന്മാറാൻ കൂട്ടാക്കാതെ റഷ്യയെപ്പറ്റിയും, പ്രതിസന്ധികൾക്കു നടുവിലും രാജ്യത്തെ രക്ഷിക്കാനായി പോരാടിക്കൊണ്ടിരിക്കുന്ന യുക്രൈനെക്കുറിച്ചും കഴിഞ്ഞ മൂന്നുവർഷവും ദിനംപ്രതി നാം കേട്ടും വായിച്ചുകൊണ്ടുമിരിക്കുന്നു. എങ്കിലും സമാധാനചർച്ചകൾക്കായി ലോകശക്തികൾ മുൻകൈയെടുക്കുമ്പോൾ ഇതിന്റെ പിന്നാമ്പുറത്തുള്ള ചില കാഴ്ചകൾകൂടി നാം കാണേണ്ടിയിരിക്കുന്നു.
യുക്രൈനുള്ള അമേരിക്കൻ സൈനികപിന്തുണയുടെ കൃത്യമായ വില ഇപ്പോൾ ലോകത്തിന് അറിയാം. യുദ്ധത്തിൽ തകർന്ന രാജ്യത്തിനുള്ള അമേരിക്കൻ സഹായത്തിന് 500 ബില്യൺ ഡോളർ വില നിശ്ചയിച്ചിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പക്ഷെ, ഈ സഹായം യുക്രൈന്റെ വിലയേറിയ പ്രകൃതിവിഭവങ്ങൾ കണ്ടുകൊണ്ടായിരുന്നു; അതിൽ അപൂർവ ഭൂമിധാതുക്കളും ഉൾപ്പെടുന്നു. എന്നാൽ, യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി തന്റെ സഹായികളോട് ആ സഹായം നിരസിക്കാൻ പറഞ്ഞു.
ട്രംപിന്റെ അഭിമുഖത്തിനുശേഷമുണ്ടായ സംഭവങ്ങളുടെ അമ്പരപ്പിക്കുന്ന വേഗത കണക്കിലെടുക്കുമ്പോൾ, യുക്രൈനിലെ അപൂർവ ഭൂമിധാതുക്കളെക്കുറിച്ച് എന്തെങ്കിലും കരാർ എപ്പോഴെങ്കിലും ഉണ്ടാകുമോ എന്ന് ഇപ്പോൾ വ്യക്തമല്ല. ട്രംപിന്റെ തുടർന്നുള്ള പ്രതികരണങ്ങൾ കണക്കിലെടുക്കുമ്പോൾ, പ്രത്യേകിച്ചും ഇത് സത്യമാണ്. റഷ്യൻ നേതാവ് വ്‌ളാഡിമിർ പുടിനുമായി അപ്രതീക്ഷിത ഫോൺ സംഭാഷണം തുടരുന്നതും യു എസും റഷ്യയും തമ്മിലുള്ള സമാധാനചർച്ചകൾ നടത്തുകയും ചെയ്തതും; അതും യുക്രേനിയൻ-യൂറോപ്യൻ യൂണിയൻ ഉദ്യോഗസ്ഥരെ ഒഴിവാക്കിക്കൊണ്ട്. എന്നാൽ ഭാവിയിലെ നയതന്ത്രചർച്ചകളിൽ യുക്രൈന്റെ പ്രകൃതിവിഭവങ്ങൾ ഒരു പ്രധാന ഘടകമാകുമെന്നതിൽ സംശയമില്ല.
എപ്പോഴും തന്ത്രപരമായ ഒരു ഘടകം
യുക്രൈന്റെ സമ്പന്നമായ പ്രകൃതിവിഭവങ്ങൾ എല്ലായ്‌പ്പോഴും യുദ്ധത്തിൽ തന്ത്രപരമായ ഒരു ഘടകമായിരുന്നു. ഒരു പരിധിവരെ, നിർണ്ണായക ധാതുക്കൾ, ഫലഭൂയിഷ്ഠമായ കൃഷിഭൂമി, ഊർജശേഖരം എന്നിവയുൾപ്പെടെ ഈ വിഭവങ്ങൾ പിടിച്ചെടുക്കാനും നിയന്ത്രിക്കാനുമുള്ള താൽപര്യമാണ് യുക്രൈനിലേക്കുള്ള റഷ്യയുടെ അധിനിവേശത്തിനു കാരണമായത്.
ധാതുനിക്ഷേപങ്ങളും ഊർജശേഖരവും വികസിപ്പിക്കാനുള്ള യുക്രൈന്റെ മുൻശ്രമങ്ങൾ – ഉദാഹരണത്തിന് 2013 ൽ എണ്ണ, വാതക സ്വകാര്യവൽക്കരണം, പിന്നീട് 2021 ൽ ധാതുവിഭവ ഖനന വികസനത്തിനായി നിക്ഷേപങ്ങൾ ആകർഷിക്കൽ – ആദ്യം 2014 ൽ റഷ്യ ക്രിമിയ പിടിച്ചടക്കിയതും പിന്നീട് 2022 ൽ പൂർണ്ണതോതിലുള്ള റഷ്യൻ അധിനിവേശവും മൂലം വെട്ടിക്കുറച്ചു.
യുക്രൈനെതിരായ സൈനിക നടപടിയുടെ സമയം നിർണ്ണയിക്കുന്നത് രാജ്യത്തിന്റെ പ്രകൃതിവിഭവങ്ങൾ വികസിപ്പിക്കാനുള്ള ശ്രമങ്ങളെ മാത്രം അടിസ്ഥാനമാക്കിയായിരിക്കില്ല. പക്ഷേ അവ തീർച്ചയായും ഒരു ഘടകമാണ്. ഈ നിക്ഷേപങ്ങളിൽ ഭൂരിഭാഗവും എണ്ണ, വാതകപാടങ്ങൾ ഉൾപ്പെടെ, യുക്രൈന്റെ കിഴക്കൻ-തെക്കൻ പ്രദേശങ്ങളിലാണ് സ്ഥിതിചെയ്യുന്നത്. അവ നിലവിൽ റഷ്യൻ അധിനിവേശത്തിലോ, മുൻനിരയ്ക്കു സമീപമോ ആണ്.
യുക്രൈന്റെ ധാതുസമ്പത്ത് ഏകദേശം 20,000 ധാതുനിക്ഷേപങ്ങളും 116 തരം ധാതുക്കളുമാണ്. ഈ നിക്ഷേപങ്ങളിൽ ഭൂരിഭാഗവും പര്യവേഷണം ചെയ്യപ്പെടാത്തവയാണ്. എന്നാൽ റഷ്യൻ അധിനിവേശത്തിനുമുമ്പ് സജീവമായിരുന്ന നിക്ഷേപങ്ങളുടെ 15% മാത്രമേ ഇവിടെയുള്ളൂ. അപൂർവ ഭൂമിധാതുക്കളുടെ ആവശ്യകത കഴിഞ്ഞ കുറച്ചു വർഷങ്ങളായി കുതിച്ചുയർന്നു. ഇത് യുക്രൈനിൽ സുലഭമാണെന്ന് എല്ലാ വിദേശശക്തികൾക്കും അറിയാം.
സമീപകാല കണക്കുകളനുസരിച്ച്, യൂറോപ്പിലെ ഏറ്റവും വലിയ ടൈറ്റാനിയം കരുതൽ ശേഖരവും ലോകത്തിലെ ഏറ്റവും വലിയ ലിഥിയം കരുതൽ ശേഖരവും യുക്രൈനിലുണ്ട്. അതുപോലെതന്നെ യൂറോപ്പിലെ ഏറ്റവും വലിയ ലിഥിയം കരുതൽ ശേഖരവും ഇവിടെത്തന്നെയാണ്. ബെറിലിയം, യുറേനിയം, മാംഗനീസ് എന്നിവയുടെ നിക്ഷേപം യുക്രൈനും സ്ഥിരീകരിച്ചിട്ടുണ്ട്. യുദ്ധത്തിനുമുമ്പ്, യുക്രൈൻ ലോകത്തിലെ അഞ്ചാമത്തെ വലിയ ഗാലിയം ഉൽപാദകനും നിയോൺ വാതകത്തിന്റെ പ്രധാന ഉൽപാദകനുമായിരുന്നു.
ഇതിനുപുറമെ, യുക്രൈനിൽ നോൺ-ഫെറസ് ലോഹങ്ങളുടെ വലിയ കരുതൽ ശേഖരവുമുണ്ട്. ചെമ്പ്, സിങ്ക്, വെള്ളി, ലെഡ്, നിക്കൽ, കൊബാൾട്ട്, അതുപോലെതന്നെ ഗ്രാഫൈറ്റിന്റെ ഏറ്റവും വലിയ ആഗോള ശേഖരങ്ങളിലൊന്നും ഈ രാജ്യത്തു തന്നെയാണ്.
കണക്കുകൾ വ്യത്യാസപ്പെടാമെങ്കിലും, യുക്രേനിയൻ ധാതുനിക്ഷേപങ്ങൾക്ക് ട്രില്യൺ കണക്കിന് ഡോളർ വിലവരും. ഈ വിഭവങ്ങൾ ഒരു ഭൗമരാഷ്ട്രീയ വീക്ഷണകോണിൽ നിന്ന് പ്രധാനമാണ്. ആഗോളവിപണിയിൽ അപൂർവ ഭൂമിധാതുക്കളുടെ പ്രധാന വിതരണക്കാരായി ചൈന മാറിയിരിക്കുന്നു. മാത്രമല്ല, ഈ ധാതുക്കളുടെ വേർതിരിച്ചെടുക്കലിൽ ചൈന മുന്നിലാണ്. എന്നാൽ ഏറ്റവും വലിയ ഉൽപാദന, ശുദ്ധീകരണശേഷിയും ചൈനയ്ക്കാണ്.
ചൈനീസ് വിതരണത്തിലുള്ള ആശ്രയത്വം വർധിച്ചതിനാൽ, ചൈന അത് നല്ലതുപോലെ ഉപയോഗിച്ചു. 2019 ലെ യു എസ്-ചൈന വ്യാപാരതർക്കത്തിനു കാരണമായി. അതോടൊപ്പം 2010 ൽ ജപ്പാനിലേക്കുള്ള അപൂർവ ധാതുക്കളുടെ കയറ്റുമതിയും നിർത്തി. ഈ മേഖലയിലെ ചൈനയുടെ ആധിപത്യം, അപൂർവ ഭൂമിധാതുക്കളുടെ വിതരണത്തെ വൈവിധ്യവൽക്കരിക്കുന്നതിന്, പ്രത്യേകിച്ച് യു എസിനും യൂറോപ്യൻ യൂണിയനും താൽപര്യമുണ്ട് എന്നാണ് മനസ്സിലാക്കേണ്ടത്.
യുക്രൈന്റെ പ്രകൃതിസമ്പത്ത്
യുക്രൈന്റെ പ്രകൃതിസമ്പത്ത് നിർണ്ണായക ധാതുക്കൾക്ക് അപ്പുറമാണ്. അതിൽ ഹൈഡ്രോ കാർബണുകളുടെ, പ്രത്യേകിച്ച് പ്രകൃതിവാതകത്തിന്റെ വലിയ നിക്ഷേപവും ഉൾപ്പെടുന്നു. യൂറോപ്പിൽ പ്രകൃതിവാതക ശേഖരത്തിൽ യുക്രൈൻ രണ്ടാം സ്ഥാനത്തും പ്രകൃതിവാതക ഉൽപാദനത്തിൽ നാലാം സ്ഥാനത്തും നിൽക്കുന്നു.
യുക്രൈന്റെ ഫലഭൂയിഷ്ഠമായ മണ്ണ് – അല്ലെങ്കിൽ ചെർണോസെം, ഭാഗിമായി സമ്പുഷ്ടമായ പുൽമേടുകൾ ധാന്യങ്ങൾ വളർത്തുന്നതിനും കന്നുകാലികളെ വളർത്തുന്നതിനും വ്യാപകമായി ഉപയോഗിക്കുന്നു. സാമ്പത്തികമായും തന്ത്രപരമായും പ്രധാനമായ ഒരു സ്രോതസ്സാണിത്. ഇത് രാജ്യത്തെ ആഗോളതലത്തിൽ ഏറ്റവും വലിയ ഭക്ഷ്യ കയറ്റുമതിക്കാരിൽ ഒന്നാക്കി മാറ്റുന്നു.
2021 ൽ യുക്രൈൻ കയറ്റുമതി ചെയ്തത് ആഗോള ഗോതമ്പ് വിതരണത്തിന്റെ 12 ശതമാനവും, ആഗോള ധാന്യവിതരണത്തിന്റെ 16 ശതമാനവും, ആഗോള ബാർലി വിതരണത്തിന്റെ 18 ശതമാനവും, ആഗോള സൂര്യകാന്തി വിത്തുകളുടെ വിതരണത്തിന്റെ പകുതിയും ആയിരുന്നു. ഇത് പ്രധാനമായും വികസ്വര രാജ്യങ്ങൾക്കാണ് നൽകിയിരുന്നത് എന്ന പ്രത്യേകതയുമുണ്ട്. അതിനാൽതന്നെ യുദ്ധം ഈ രാജ്യത്തെ ബാധിച്ചതുപോലെതന്നെ നിരവധി വികസ്വര രാജ്യങ്ങളെയും സാരമായി ബാധിച്ചു എന്നുവേണം മനസ്സിലാക്കാൻ.
അവസാനമായി എന്നാൽ ഏറ്റവും പ്രധാനമായി, യുക്രൈന്റെ ജൈവവൈവിധ്യം, ഭൂപ്രകൃതികൾ, ആവാസവ്യവസ്ഥകൾ – അവയിൽ ചിലത് യുദ്ധംമൂലം സാരമായി തകർന്നു. രാജ്യത്തിന്റെ പ്രകൃതിയുടെ സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കേണ്ടത് പരിസ്ഥിതിക്കും യുക്രേനിയൻ ജനതയുടെ ആരോഗ്യത്തിനും ക്ഷേമത്തിനും അത്യന്താപേക്ഷിതവുമാണ്.
രാജ്യത്തിന്റെ ആണവസൗകര്യങ്ങളും റേഡിയോ ആക്ടീവ് സൈറ്റുകളും അപകടത്തിൽപെടാനുള്ള സാധ്യത കൂടുതലാണ്.ഇത് മേഖലയിൽ ഗുരുതരമായ പാരിസ്ഥിതിക, ആരോഗ്യ പ്രത്യാഘാതങ്ങൾക്ക് കാരണമാകും. വാസ്തവത്തിൽ, ചെർണോബിൽ ആണവനിലയത്തിന്റെ ഒരു ഭാഗം തകർന്നതായി റിപ്പോർട്ട് ചെയ്തത് ഇനിയും വൻദുരന്തങ്ങളിലേക്കു വിരൽചൂണ്ടുന്നു.
യുക്രൈന്റെ ധാതുസമ്പത്തിന്റെ വിധി പ്രധാനമായും സംഘർഷവും സംഘർഷാനന്തര സമാധാനചർച്ചകളും എങ്ങനെ വികസിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. പ്രത്യക്ഷത്തിൽ ഇവയുടെ സാന്നിധ്യം തന്ത്രപ്രധാനമായ പ്രാധാന്യമുള്ളതാണെന്ന് ഇതിനകം തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് മനസ്സിലാക്കിയാണ് ആദ്യം റഷ്യയും പിന്നീട് അമേരിക്കയും യുക്രൈനെ ഉന്നംവച്ചതും.
പ്രകൃതിവിഭവങ്ങൾ സൃഷ്ടിച്ചെടുക്കുന്ന രാഷ്ട്രീയപ്രതിസന്ധികൾ ഓരോ രാജ്യത്തിനുമുള്ള വലിയ മുന്നറിയിപ്പാണ്. ആക്രമിക്കപ്പെടാനും കൈവശപ്പെടുത്താനും ഇനിയും ഒട്ടേറെ വിഭവങ്ങളുള്ള രാജ്യങ്ങൾ ഇവിടെയുണ്ട്. യുദ്ധത്തെയും സമാധാനത്തെയും രൂപപ്പെടുത്തുന്നതിൽ പ്രകൃതിവിഭവം എന്ന രാഷ്ട്രീയം മുന്നിൽവയ്ക്കുമ്പോൾ നിഴലിലാകുന്നത് ഇത്തരം സ്രോതസ്സുകളുള്ള കൊച്ചുകൊച്ചു രാജ്യങ്ങളാണ്. പല ആഭ്യന്തരയുദ്ധങ്ങൾ തുടങ്ങി ലോകോത്തര അധിനിവേശം വരെ നടക്കുന്നത് ഇക്കാര്യത്തെ ലക്ഷ്യംവച്ചാകയാൽ ലോകരാഷ്ട്രങ്ങൾ അൽപംകൂടി ഗൗരവതരമായി ഇതിനെ കാണേണ്ടിയിരിക്കുന്നു.