Friday, January 31, 2025

തൃക്കാക്കരയില്‍ ഉമാ തോമസിന് ചരിത്ര വിജയം; 25,016 വോട്ടിന്റെ ഭൂരിപക്ഷം

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ 25016 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ഉമ തോമസിന് ജയം. 72767 വോട്ടുകളോടെയാണ് ഉമയുടെ ജയം. തൃക്കാക്കര ഇതുവരെ കണ്ടതിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസിന്റെ ഏക വനിതാ എംഎല്‍എയായി ഉമ നിയമസഭയിലേക്ക് എത്തും. 2011 ബെന്നി ബെഹ്നാന്‍ മത്സരിക്കുമ്പോള്‍ 22,406 ആയിരുന്നു ഭൂരിപക്ഷം. 2021 പി.ടി.തോമസ് മത്സരിക്കുമ്പോള്‍ 14,329 വോട്ടുകളായിരുന്നു ഭൂരിപക്ഷം നേടിയിരുന്നത്. ആ റെക്കോര്‍ഡുകളാണ് ഉമ തോമസ് തകര്‍ത്തിരിക്കുന്നത്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന് 47752 വോട്ടാണ് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി 12955 വോട്ടുകള്‍ നേടിയപ്പോള്‍ 1111 വോട്ട് നോട്ടയ്ക്ക് ലഭിച്ചു. എറണാകുളം മഹാരാജാസ് കോളജിലായിരുന്നു വോട്ടെണ്ണല്‍. പോസ്റ്റല്‍ വോട്ടുകള്‍ മുതല്‍ അവസാന വോട്ടിംഗ് മെഷീനിലെ വോട്ടെണ്ണുന്നത് വരെ ഉമാ തോമസ് എതിരാളികളെ മറികടക്കാന്‍ അനുവദിച്ചില്ല.

ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം പ്രതീക്ഷിച്ചിരുന്ന മണ്ഡലത്തില്‍ എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ചിത്രത്തിലേ ഇല്ലായിരുന്നു. ആദ്യ റൗണ്ടില്‍ ഉമ തോമസ് ഭൂരിപക്ഷം നേടിയപ്പോള്‍ തന്നെ ട്രെന്‍ഡ് വ്യക്തമായിരുന്നു.

യുഡിഎഫിന് ഈ ഫലം ഉത്തേജനം പകരുമ്പോള്‍ നിയമസഭയില്‍ സെഞ്ച്വുറി തികയ്ക്കാമെന്ന എല്‍ഡിഎഫിന്റെ പ്രതീക്ഷ അസ്തമിച്ചു. മാത്രവുമല്ല, ഭരണവിരുദ്ധ വികാരമെന്ന വിലയിരുത്തലും ഉണ്ടാകും. മിനി കേരളം എന്ന് വിശേഷിപ്പിച്ചുകൊണ്ട് എല്‍ഡിഎഫ് നേതാക്കള്‍ നടത്തിയ പ്രചാരണം ഫല കാണാത്തതിനാല്‍ ഇടതുമുന്നണിയ്ക്ക് വലിയ തിരിച്ചടി തന്നെയാണ് ഡോ. ജോ ജോസഫിന്റെ തോല്‍വി.

ഈ വിജയം പി ടിയുടെ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്നും വിജയം പി ടി തോമസിന് സമര്‍പ്പിക്കുന്നുവെന്നും ഭൂരിപക്ഷം ഭരണകൂടത്തിനെതിരെയുള്ള ജനങ്ങളുടെ മറുപടിയാണെന്നും ഉമ തോമസ് പ്രതികരിച്ചു.

 

Latest News