പ്രമുഖ ചൈനീസ് വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്കിന് നേപ്പാളിലും നിരോധനം. തിങ്കളാഴ്ച ചേര്‍ന്ന നേപ്പാള്‍ സര്‍ക്കാരിന്റെ കാബിനറ്റ് യോഗത്തിലാണ് തീരുമാനം. ഇതോടെ ചൈനീസ് നിയന്ത്രണത്തിലുള്ള ടിക് ടോക്ക് ആപ്പ് നിരോധിക്കുന്ന ദക്ഷിണേഷ്യയിലെ മൂന്നാമത്തെ രാജ്യമായി നേപ്പാള്‍ മാറി.
നിലവില്‍ നേപ്പാളില്‍ 22 ലക്ഷം ടിക് ടോക്ക് ഉപയോക്താക്കളുണ്ടെന്നാണ് കണക്കുകൾ. ടിക് ടോക്കിലൂടെ ചൂതാട്ടവും വാതുവയ്പുപോലും നടക്കുന്നതായി അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. ഇതേതുടര്‍ന്ന് നേപ്പാളിലെ പല മത-സാംസ്കാരികകേന്ദ്രങ്ങളും നേരത്തെതന്നെ ടിക് ടോക്ക് വീഡിയോ ചിത്രീകരണം നിരോധിക്കുകയും ‘നോ ടിക് ടോക്ക്’ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് രാജ്യത്ത് പൂര്‍ണ്ണമായും ടിക് ടോക്ക് നിരോധിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചത്.
കഴിഞ്ഞ നാലുവര്‍ഷത്തിനിടെ 1,629 സൈബര്‍ ക്രൈം കേസുകള്‍ ടിക് ടോക്കുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സാമൂഹിക ഐക്യവും ഭദ്രതയും തകര്‍ക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, നിരോധനം എപ്പോള്‍ മുതല്‍ നടപ്പാകുമെന്ന് വ്യക്തമല്ല.