Monday, November 25, 2024

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അമേരിക്കയില്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ ടിക് ടോക്കിന് നിരോധനം

അമേരിക്കയില്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ ടിക് ടോക്കിന് നിരോധനം. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇരുപതിലധികം സംസ്ഥാനങ്ങളില്‍ ടിക് ടോക് സംവിധാനം നിരോധിച്ചത്. ഏറ്റവും ഒടുവില്‍ കെന്‍ക്കിയിലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചൈനീസ് ടെക് കമ്പനിയായ ബൈറ്റ് ഡാന്‍സ് പുറത്തിറക്കിയ ആപ്പ് ആയ ടിക് ടോക്കിന് നേരത്തെ ഇന്ത്യയിലും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ചൈനയ്ക്ക് ഉപഭോക്താക്കളുടെ ഡേറ്റ കൈമാറുന്നുവെന്നാരോപിച്ചാണ് 2020ല്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയില്‍ ടിക് ടോക് നിരോധിച്ചത്.

സര്‍ക്കാര്‍ നിയന്ത്രിത ഉപകരണങ്ങളില്‍ നിന്ന് ടിക് ടോക് ഉപയോഗിക്കരുതെന്ന് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ടിക് ടോക് നിരോധിച്ചുകൊണ്ടുള്ള ഉത്തരവില്‍ നോര്‍ഡത്ത് കരോലി, വസ്‌കോന്‍സിന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ ഒപ്പിട്ടു. ന്യൂ ജേഴ്‌സി അടക്കമുള്ള ചില സംസ്ഥാനങ്ങള്‍ ടിക് ടോക്കിന് പുറമെ മറ്റ് ചില ചൈനീസ് ആപ്പുകളുടെയും കമ്പനികളുടെയും സേവനങ്ങള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്. കൂടുതല്‍ പരിശോധനകള്‍ നടത്തി വരും ദിവസങ്ങളില്‍ കൂടുതല്‍ ആപ്പുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും.

ടിക് ടോക് ദേശസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് എഫ്ബിഐ ഡയറക്ടര്‍ ക്രിസ്റ്റഫര് വ്രെ നവംബറില്‍ പറഞ്ഞിരുന്നു. ഉപഭോക്താക്കളെ സ്വാധീനിക്കാനോ അവരുടെ ഉപകരണങ്ങളെ നിയന്ത്രിക്കുന്നതിനോ ചൈനീസ് സര്‍ക്കാരിന് ആപ്പ് ഉപയോഗിക്കാനാകുമെന്ന മുന്നറിയിപ്പും എഫ്ബിഐ ഡയറക്ടര്‍ നല്‍കിയിരുന്നു.

 

Latest News