Thursday, November 21, 2024

ചൈനയിലെ ഏറ്റവും വലിയ ധനികനായി ടിക് ടോക്ക് സ്ഥാപകൻ

ടിക് ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ് ഡാൻസിന്റെ സഹസ്ഥാപകനായ ഷാങ് യിമിംഗിനെ ചൈനയിലെ ഏറ്റവും വലിയ ധനികനായ വ്യക്തിയായി. സോഷ്യൽ മീഡിയ ആപ്പിന്റെ കുതിച്ചുയരുന്ന ആഗോള ജനപ്രീതിയാണ് ഷാങ് യിമിംഗിനെ സാമ്പത്തികമായി അഭിവൃദ്ധിപ്പെടുത്തിയത്.

ഹുറൂൺ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനപ്രകാരം, ഷാങ് യിമിംഗ് ഇപ്പോൾ $49.3 ബില്യൺ (£38 ബില്യൺ) വരുന്ന സമ്പത്തിന്റെ ഉടമയാണ്. ഇത് അദ്ദേഹത്തിന്റെ 2023 ലെ സമ്പത്തിനെ അപേക്ഷിച്ച് 43% കൂടുതലാണ്. 41-കാരനായ ഷാങ് 2021 ൽ കമ്പനിയുടെ ചുമതലയിൽനിന്നു പിന്മാറിയിരുന്നെങ്കിലും സ്ഥാപനത്തിന്റെ ഏകദേശം 20% ഓഹരി അദ്ദേഹത്തിന്റേതാണ്.

ചൈനയുമായുള്ള ബന്ധവും സുരക്ഷാപ്രശ്നവുംമൂലം ചില രാജ്യങ്ങളിൽ ടിക് ടോക് നിരോധിക്കുകയും നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്‌തെങ്കിലും ലോകത്തിലെ ഏറ്റവും ജനപ്രിയ സോഷ്യൽ മീഡിയ ആപ്പുകളിലൊന്നായി ടിക് ടോക്ക് മാറി. ടിക് ടോക്കും ബൈറ്റ് ഡാൻസും തങ്ങൾക്ക് ചൈനീസ് സർക്കാരുമായി യാതൊരു ബന്ധവുമില്ലെന്നു വാദിക്കുമ്പോഴും, 2025 ജനുവരിയോടെ രാജ്യത്ത് ടിക് ടോക്ക് നിരോധിക്കാൻ ഉദ്ദേശിക്കുകയാണ് യു. എസ്.

യു. എസിൽ ഇത്ര തീവ്രമായ സമ്മർദം നേരിടേണ്ടിവന്നിട്ടും, ബൈറ്റ് ഡാൻസിന്റെ ആഗോളലാഭം കഴിഞ്ഞ വർഷം 60% വർധിച്ചിരുന്നു. ഇതാണ് ഷാങ് യിമിംഗിന്റെ സമ്പത്ത് ഉയർത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News