സക്കര്‍ബെര്‍ഗിന്‍റെ ത്രെഡ്സ് ആപ്പിന് പിന്നാലെ ട്വിറ്ററിനു വെല്ലുവിളി ഉയര്‍ത്താന്‍ ടിക്ടോക്കും രംഗത്ത്. ചൈനീസ് ഷോർട്ട് വിഡിയോ ആപ്പില്‍ ട്വിറ്ററിനു സമാനമായ ഫീച്ചറുകള്‍ അവതരിപ്പിച്ചാണ് ടിക്ടോക്ക് വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം തിങ്കളാഴ്ചയായിരുന്നു കമ്പനി നടത്തിയത്.
ടെക്‌സ്റ്റ് ഒൺലി പോസ്റ്റുകൾ പങ്കുവെക്കാൻ അനുവദിക്കുന്ന ഫീച്ചറാണ് ചൈനീസ് ആപ്പ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ടിക് ടോക്ക് ഉപയോക്താക്കൾക്ക് അവരുടെ പോസ്റ്റുകൾക്ക് വ്യത്യസ്തമായ കളർ ബാക്ക്ഗ്രൗണ്ടുകളും സ്റ്റിക്കറുകളും ഹാഷ്ടാഗുകളും ഉപയോഗിക്കാന്‍ ഇനി മുതല്‍ സാധിക്കുമെന്നതാണ് പ്രധാന സവിശേഷത. കൂടാതെ മറ്റുള്ള ഉപയോക്താക്കളെ ടാഗ് ചെയ്യാനും1000 അക്ഷരങ്ങളുള്ള പോസ്റ്റുകള്‍ പങ്കുവയ്ക്കാനും കഴിയും.
അതേസമയം, ടിക്ടോക്കിന്‍റെ പുതിയ നീക്കം ട്വിറ്റർ നിലവിൽ നേരിടുന്ന പ്രതിസന്ധി മുതലെടുക്കാനാണെന്നും ആരോപണം ഉയരുന്നുണ്ട്. സമാനമായ നീക്കം മെറ്റയുടെ നേതൃത്വത്തില്‍ ത്രെഡ്സ് ആരംഭിച്ചുകൊണ്ട് നടത്തിയിരുന്നു. തങ്ങളുടെ പരസ്യ വരുമാനം 50% കുറഞ്ഞതായി ട്വിറ്റർ ജൂലൈയിൽ അറിയിച്ചിരുന്നു.