ചൈനീസ് ആപ്പായ ടിക് ടോക്കിനൊപ്പം ട്വിറ്റര്‍, ഇൻസ്റ്റഗ്രാം തുടങ്ങിയ ആപ്പുകള്‍ വിനോദാവശ്യത്തിന് ഉപയോഗിക്കുന്നത് വിലക്കി ഫ്രഞ്ച് ഭരണകൂടം. ഗവണ്‍മെന്‍റ് ജീവനക്കാരുടെ ഫോണുകളില്‍ ഈ ആപ്പുകള്‍ ഉപയോഗിക്കുന്നതിനാണ് വിലക്ക്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് ഫ്രഞ്ച് ഭരണകൂടത്തിന്‍റെ വാദം.
പ്രഫഷണൽ ആശയവിനിമയത്തിന് ആപ്പുകൾ ഉപയോഗിക്കുന്നതിന് ഇളവ് സര്‍ക്കാര്‍ നൽകിയിട്ടുണ്ട്. നേരത്തെ കാനഡ, ഇന്ത്യ, പാക്കിസ്താൻ, തായ്‍വാൻ, ജോർഡൻ തുടങ്ങിയ രാജ്യങ്ങളും യു.എസ്, യു.കെ, ന്യൂസിലാന്‍ഡ് പാര്‍ലമെന്‍റുകളും ടിക് ടോക്കിനു വിലക്കേര്‍പ്പെടുത്തിയിരുന്നു. ടിക് ടോക് ചൈനീസ് ആപ്പായതിനാല്‍ ഭരണതലത്തിലെ സുപ്രധാന വിവരങ്ങൾ ചോർത്തപ്പെടാനുള്ള സാധ്യത ഉണ്ടെന്ന ആശങ്കയെ തുടര്‍ന്നാണ് ഈ രാജ്യങ്ങളില്‍ ആപ്പ് നിരോധിച്ചത്. ഇതേ മാതൃക പിന്തുടര്‍ന്നാണ് ഫ്രാന്‍സിലും വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം, ടിക് ടോക് നിരോധിച്ച രാജ്യങ്ങളില്‍ മറ്റ് ആപ്പുകള്‍ ഉപയോഗിക്കുന്നതില്‍ വിലക്കുകള്‍ ഇല്ല. എന്നാല്‍ ഫ്രാന്‍സില്‍ ട്വിറ്റര്‍, ഇൻസ്റ്റഗ്രാം തുടങ്ങിയ ആപ്പുകള്‍ വിലക്കിയതിന്‍റെ കാരണങ്ങള്‍ വ്യക്തമല്ല.