അമേരിക്കയിലെ കാലിഫോർണിയയില്‍ തിലോപ്പിയ മീൻ കഴിച്ച യുവതിയുടെ കൈകാലുകളുടെ സ്വാധീനം നഷ്ടപ്പെട്ടു. ബാക്ടീരിയ അണുബാധയാണ് യുവതിയുടെ അവസ്ഥയ്ക്ക് കാരണമെന്നാണ് റിപ്പോർട്ട്. ലോറ ബറാജസ് എന്ന യുവതിയാണ് തിലോപ്പിയ കഴിച്ചതിനു പിന്നാലെ ദാരുണാവസ്ഥയിലായത്.
40 കാരിയായ ലോറ ഒരു മാസം മുന്‍പാണ് വീടിന് സമീപത്തെ സാൻ ജോസിലെ മാർക്കറ്റിൽ നിന്നും തിലോപ്പിയ മത്സ്യം വാങ്ങിയത്. ഇത് പാകം ചെയ്തു ഭക്ഷണം കഴിച്ചതിനു പിന്നാലെ ഇവർ അവശനിലയിലാകുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ദിവസങ്ങൾക്കകം ലോറ കോമയിലാവുകയും വൃക്കകൾ തകരാറിലാകുകയും ചെയ്തു. ഓക്‌സിജൻ മാസ്‌കിന്റെ സഹായത്തോടെ ജീവന്‍ നിലനിർത്തുന്ന യുവതിയുടെ കൈകാലുകൾ വ്യാഴാഴ്ച നീക്കം ചെയ്തതിനു പിന്നാലെയാണ് സംഭവം വാര്‍ത്ത മാധ്യമങ്ങള്‍ ഏറ്റെടുത്തത്.
അതേസമയം, അസംസ്‌കൃത സമുദ്രവിഭവങ്ങളിലും കടലിലും സാധാരണയായി കണ്ടുവരുന്ന അപകടകാരിയായ ബാക്ടീരിയ വിബ്രിയോ വൾനിഫിക്കസാണ് യുവതിയുടെ ശരീരത്തിലേക്ക് പ്രവേശിച്ചതെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. ഇത്തരം ബാക്ടീരിയകൾക്ക് ഇരയാകാതിരിക്കാൻ കടൽവിഭവങ്ങൾ സൂക്ഷ്മമായി പാകം ചെയ്ത് കഴിക്കണമെന്ന് വിദഗ്ധർ പറയുന്നു.