Thursday, April 3, 2025

ബാല്യകാല സ്മരണകള്‍ ഉണര്‍ത്തുന്ന വിശ്വപ്രസിദ്ധ നോവല്‍; ടു കില്‍ എ മോക്കിംഗ് ബേഡ്

ബാല്യകാല സ്മരണകളുടെ ചിറകിലേറ്റി അമേരിക്കന്‍ വംശീയതയുടെ ഇരുണ്ട ലോകത്തേയ്ക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടു പോകുന്ന മാസ്മരികമായ ഒരു കൃതിയാണ് ഹാര്‍പര്‍ ലീ എഴുതിയ ‘ടു കില്‍ എ മോക്കിംഗ് ബേഡ്’ എന്ന നോവല്‍. 1960 ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതി തൊട്ടടുത്ത വര്‍ഷം പുലിസ്റ്റര്‍ പുരസ്‌കാരത്തിനും അര്‍ഹമായി. നാല്‍പതിലേറെ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ഈ കൃതി വര്‍ഷം തോറും മില്യനിലേറെ കോപ്പികളാണ് വിറ്റുപൊയ്ക്കൊണ്ടിരിക്കുന്നത്.

രണ്ടു ഭാഗങ്ങളിലായി മുപ്പത്തഞ്ചോളം അധ്യായങ്ങളുള്ള നോവലില്‍ ചര്‍ച്ച ചെയ്യുന്നത് അമേരിക്കയിലെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള വംശീയതയെപ്പറ്റിയാണ്. നന്മയ്ക്കും തിന്മയ്ക്കും ഇടയിലെ സംഘര്‍ഷങ്ങള്‍, സാമൂഹിക അനീതികള്‍, മനുഷ്യ സ്വഭാവത്തിന്റെ ഇരുണ്ട അറകള്‍ എന്നിവയെല്ലാം ഇതില്‍ ചര്‍ച്ചയ്ക്ക് പാത്രമാകുന്നു. 1930 കളില്‍ അലബാമയിലെ മേയ്കോമ്പ് എന്ന സാങ്കല്‍പ്പിക പ്രദേശത്താണ് ഈ കഥ അരങ്ങേറുന്നത്. അപകടകരമായ സാമൂഹിക, രാഷ്ട്രീയ സാഹചര്യമാണ് അന്ന് അമേരിക്കയില്‍ നിലവിലുണ്ടായിരുന്നത്.

കൗമാരക്കാല കുസൃതികളുടെ അവ്യക്തമായ ഓര്‍മകള്‍ വീണ്ടും വായനക്കാരിലെത്തിക്കുകയാണ് നോവലിസ്റ്റ് ഒന്നാം ഭാഗത്തില്‍. കേന്ദ്ര കഥാപാത്രമായ സ്‌കൗട്ട് ഫിഞ്ച്, സഹോദരന്‍ ജെം ഫിഞ്ച്, പിതാവും അഭിഭാഷകനുമായ അറ്റികസ് ഫിഞ്ച്, ജോലിക്കാരിയായ കാല്‍പര്‍ണിയ, സ്‌കൗട്ടിന്റെ സുഹൃത്തായ ഡില്‍ ഹാരിസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. രണ്ടാം ഭാഗത്തില്‍, ടോം റോബിന്‍സണ്‍, ഏവല്‍ മൗഡീ ആറ്റ്കിന്‍സണ്‍ എന്നീ കഥാപാത്രങ്ങള്‍ കൂടി കഥയിലേയ്ക്ക് വരുന്നു.

ശക്തവും ദൃഢവുമായ ചില സന്ദേശങ്ങളും ചില പ്രതീകങ്ങളിലൂടെ ഹാര്‍പര്‍ ലീ വായനക്കാരന് നല്‍കുന്നുണ്ട്. വംശീയത അമേരിക്കന്‍ ജനതയെ എത്രമാത്രം ചൂഴ്ന്നു നില്‍ക്കുന്നുവെന്ന് എഴുത്തുകാരന്‍ മനോഹരമായാണ് വിവരിക്കുന്നത്. മുപ്പതുകളിലെ അമേരിക്കന്‍ സമൂഹത്തെ ഈ നോവല്‍ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ടെങ്കിലും അതിവൈകാരികമായാണ് നോവല്‍ പര്യവസാനിക്കുന്നത്.

ഈ നോവലിനെ ആധാരമാക്കി റോബര്‍ട്ട് മുള്ളിഗന്‍ 1962-ല്‍ അതെ പേരില്‍ ഒരു സിനിമ സംവിധാനം ചെയ്തു. എക്കാലത്തെയും മഹത്തായ സിനിമയായി പൊതുവേ ഇത് അംഗീകരിക്കപ്പെടുന്നു. അമേരിക്കയില്‍ നിലനിന്നിരുന്ന വര്‍ണ്ണ/വര്‍ഗ്ഗ വിവേചനത്തെയും, ആ സമൂഹം താലോലിച്ചിരുന്നതും കറുത്തവന്‍ അനുഭവിച്ചതുമായ ക്ലേശങ്ങളും ഈ സിനിമയും വരച്ചു കാണിക്കുന്നു.

Latest News