ക്ലാസ്സില്‍ പഠിപ്പിച്ച കണക്ക് നോട്ടുബുക്കില്‍ എഴുതിയില്ല എന്ന ‘മഹാപാതക’ത്തിനാണ് ഇടയാറന്മുള എരുമക്കാട് കെ.ഡി.എം. ഗവ. എല്‍.പി. സ്‌കൂള്‍ അധ്യാപകന്‍ മൂന്നാം ക്ലാസ്സ് വിദ്യാർഥിയെ ചൂരല്‍കൊണ്ട് ഒട്ടേറെത്തവണ കയ്യില്‍ അടിക്കുകയും വെറുംനിലത്തിരുത്തി മാനസികമായി തളര്‍ത്തുകയും ചെയ്തത്. കുട്ടിയുടെ ഇരുകൈകളിലും കൈത്തണ്ടയിലും ഇടതുകൈപ്പത്തിക്കു പുറത്തും ഒന്‍പതിടത്തായി അടിയേറ്റു ചുവന്ന പാടുകളുണ്ട്. അധ്യാപകന്‍ ഇപ്പോള്‍ അറസ്റ്റിലാണ്. അധ്യാപകനെ സസ്‌പെന്റ് ചെയ്യുകയും സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടുകയും ചെയ്തിട്ടുണ്ട്.
2009-ലെ വിദ്യാഭ്യാസ അവകാശനിയമത്തിലെ 17-ാം വകുപ്പുപ്രകാരം, രാജ്യത്തൊരിടത്തും കുഞ്ഞുങ്ങളെ ശാരീരികമായി ശിക്ഷിക്കുന്നതും മാനസികമായി പീഡിപ്പിക്കുന്നതും അനുവദനീയമല്ല. സുപ്രീം കോടതി 2002-ല്‍ തന്നെ സ്‌കൂളുകളില്‍ അടിയും മറ്റ് കടുത്ത ശിക്ഷാനടപടികളും നിരോധിക്കുകയും കുട്ടികളുടെ അന്തസ്സ് കാത്തുസൂക്ഷിക്കുന്ന സൗഹര്‍ദപരമായ അന്തരീക്ഷം ഉറപ്പുവരുത്താന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മീഷനും സംസ്ഥാനങ്ങളില്‍ ചൂരല്‍പ്രയോഗം ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ പാടില്ലെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
2019 ജൂണ്‍ 28-ന് കേരള സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്‌കൂളുകളില്‍ ചൂരല്‍വടി പ്രയോഗം നിരോധിച്ച് കര്‍ശനനിര്‍ദേശം നല്‍കിയിട്ടുള്ളതാണ്.
പ്രായം കൊണ്ടോ, അധികാരം കൊണ്ടോ, സമ്പത്തു കൊണ്ടോ മേല്‍ശക്തിയുള്ളവര്‍ ഒരു അവകാശം എന്നകണക്കിന് ഏറെക്കാലം മുമ്പു മുതലേ നടപ്പാക്കിവരുന്നതാണ് കുട്ടികള്‍ക്കെതിരായ ശാരീരിക ശിക്ഷകള്‍. ഇന്ത്യയിലെ പ്രാചീന ഗുരുകുല സമ്പ്രദായത്തിലും കഠിനശിക്ഷകള്‍ നടപ്പാക്കിയിരുന്നു. പണ്ടുകാലത്തെ ആശാന്‍പള്ളിക്കൂടങ്ങളിലും സ്‌കൂളുകളിലും മദ്രസകളിലും വേദപാഠ ക്ലാസുകളിലും മതപഠനശാലകളിലുമൊക്കെ ഇതൊരു അംഗീകൃത നടപടിക്രമം എന്നമട്ടില്‍ നിര്‍ബാധം തുടര്‍ന്നിരുന്നു. കൂടുതല്‍ തല്ലുന്ന അധ്യാപകര്‍ കൂടുതല്‍ മിടുക്കരാണെന്നും അവര്‍ മിടുക്കരായ വിദ്യാര്‍ഥികളെ സൃഷ്ടിക്കുന്നുവെന്നുമുള്ള മിഥ്യാധാരണ ഒരുകാലത്ത് സൃഷ്ടിക്കപ്പെട്ടിരുന്നു. എന്നാല്‍ ഈ പ്രാകൃതനടപടി ഒരുതരത്തിലും ഗുണംചെയ്യില്ല എന്നും, മറിച്ച് കുഞ്ഞുങ്ങളുടെ സന്തോഷങ്ങളെയും സ്വപ്നങ്ങളെയും ജിജ്ഞാസകളെയും തല്ലിക്കൊഴിക്കാന്‍ മാത്രമേ ഉപകരിക്കൂ എന്നും ആധുനികസമൂഹം ഇന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇറ്റലി, ജപ്പാന്‍, മൗറീഷ്യസ് എന്നീ രാജ്യങ്ങള്‍ അരനൂറ്റാണ്ടു മുന്‍പേതന്നെ സ്‌കൂളുകളിലെ ശാരീരികശിക്ഷകള്‍ നിരോധിച്ചതാണ്. ഇന്ന് ഏകദേശം 130 രാജ്യങ്ങളില്‍ ഈ നിരോധനം പ്രാബല്യത്തിലുണ്ട്. പരസ്യമായ കടുത്ത ശിക്ഷാരീതികള്‍വഴി കുട്ടികളില്‍ ചിലര്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികളോട് അധ്യാപകര്‍ കടുത്ത ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നത് കേരള സര്‍ക്കാര്‍ പ്രത്യേക സര്‍ക്കുലറിലൂടെ 2016 നവംബര്‍ 19 മുതല്‍ വിലക്കിയിട്ടുണ്ട്. കുറ്റക്കാരെ പരസ്യമായി അസംബ്ലിയില്‍ വച്ച് മാപ്പ് പറയിക്കുക, സഹപാഠികളുടെ മുന്നില്‍ വച്ച് അധിക്ഷേപിക്കുക, സ്റ്റാഫ് റൂമില്‍ പരസ്യകുറ്റവിചാരണ നടത്തുക തുടങ്ങിയ ശിക്ഷാനടപടികള്‍ വിലക്കിയിട്ടുമുണ്ട്. കൗമാരപ്രായത്തില്‍ വിദ്യാര്‍ഥികളുടെ അഭിമാന-ദുരഭിമാന, മിഥ്യാബോധനങ്ങള്‍ രൂപപ്പെട്ടുവരുന്നതിനാല്‍ പരസ്യശാസന ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. വിദ്യാര്‍ഥികളുടെ ക്രിയാത്മമായ കഴിവുകളെ പരസ്യമായി അഭിനന്ദിക്കുകയും തെറ്റുകളെ രഹസ്യമായി തിരുത്തുകയും ചെയ്യുന്നതുവഴി വിദ്യാര്‍ഥികളും അധ്യാപകരും തമ്മില്‍ ദൃഢമായ സൗഹൃദം രൂപപ്പെടും. അത് വിദ്യാര്‍ഥികളുടെ വ്യക്തിത്വത്തെ പരിപോഷിപ്പിക്കും.
ചൂരല്‍ശിക്ഷകളിലൂടെയും മാനസിക-ശാരീരിക ഹിംസകളിലൂടെയും മുറിവേല്‍പ്പിക്കപ്പെടുന്ന കുഞ്ഞുഹൃദയങ്ങളുടെ വേദന വ്യക്തിത്വവികാസത്തിനുതന്നെ കഠിനമായ വിഘാതം സൃഷ്ടിക്കുന്നുണ്ട്. വളരെ കടുത്ത ശാരീരികശിക്ഷ അനുഭവിച്ചവരുടെ തലച്ചോറിന്റെ ഘടനയിലും അതിന്റെ പ്രവര്‍ത്തനത്തിലും മാറ്റങ്ങളുണ്ടാകുന്നെ് പഠനങ്ങള്‍ തെളിയിക്കുന്നു. കഠിനശിക്ഷകള്‍ തലച്ചോറിന്റെ വികാസപ്രക്രിയയെ ദോഷകരമായി ബാധിക്കും. ശാരീരികപീഡനങ്ങളേക്കള്‍ ആപത്കരമാണ് മാനസികപീഡനങ്ങള്‍. പരസ്യമായ വഴക്കുപറച്ചില്‍, കളിയാക്കല്‍, കുറ്റപ്പെടുത്തല്‍, താഴ്ത്തിക്കെട്ടല്‍, ഭീഷണിപ്പെടുത്തല്‍, ഭയപ്പെടുത്തല്‍, പരിഹസിക്കല്‍, പുച്ഛിക്കല്‍, അവഗണിക്കല്‍, ശാപവാക്കുകള്‍ പറയല്‍, താരതമ്യപ്പെടുത്തല്‍, മുറിയില്‍ അടച്ചുപൂട്ടല്‍, സ്‌കൂളില്‍ നിന്നു പുറത്താക്കല്‍, പൊക്കം, വണ്ണം, നിറം, ജാതി മറ്റ് വ്യക്തിത്വവൈകല്യങ്ങള്‍ എന്നിവ ചൂണ്ടിക്കാട്ടി മോശമായി സംസാരിക്കല്‍ എന്നിവയെല്ലാം കുട്ടികളുടെ മനസ്സില്‍ വലിയ മുറിവുകള്‍ സൃഷ്ടിക്കും. അത് വ്യക്തിത്വവൈകല്യങ്ങള്‍ക്ക് ഇടവരുത്തും. ഇവര്‍ മറ്റുള്ളവരേക്കാള്‍ വേഗത്തില്‍ രോഗികളായി മാറും. മാനസികവും ശാരീരികവുമായ ശിക്ഷകള്‍ അനുഭവിച്ചവരുടെ തലച്ചോറും ശരീരത്തിലെ സംരക്ഷണസംവിധാനങ്ങളും ശരിയായി പ്രവര്‍ത്തിക്കുന്നില്ല എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
കേരളത്തിലെ പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍, മത്സ്യത്തൊഴിലാളികളുടെ മക്കള്‍, ആദിവാസി വിദ്യാര്‍ഥികള്‍, പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള കുഞ്ഞുങ്ങള്‍, ഭിന്നശേഷി കുഞ്ഞുങ്ങള്‍, പലതരത്തിലുള്ള ബുദ്ധിമുട്ട് നേരിടുന്ന കുടുംബങ്ങളില്‍ നിന്നുള്ളവര്‍, പലവിധ സമ്മര്‍ദ്ദങ്ങളാല്‍ ഞെരിയുന്നവര്‍ തുടങ്ങിയവരെല്ലാം സവിശേഷമായ ശ്രദ്ധയും പരിഗണനയും കരുതലും അര്‍ഹിക്കുന്നവരാണ്. ഈ കുഞ്ഞുങ്ങളെയെല്ലാം ചൂരലിനെ മാനദണ്ഡമാക്കി ശരിയാക്കിയെടുക്കാമെന്നു കരുതുന്നത് ആധുനികസമൂഹത്തിന് യോജിച്ചതല്ല. കുഞ്ഞുങ്ങള്‍ ഈ രാഷ്ട്രത്തിലെ തുല്യപദവിയും ജനായത്ത അവകാശങ്ങളും ഉള്ളവരാണെന്ന തിരിച്ചറിവ് പ്രധാനമാണ്. വടിയുടെയും വഴക്കിന്റെയും അടിയുടെയും പിന്തുണയോടെ മാത്രമേ അധ്യാപകര്‍ക്ക് കുട്ടികളെ നന്നാക്കാനാകൂ എന്നുവരികില്‍ അത് അവരുടെ കഴിവുകേടാണ്. കൂടുതല്‍ പഠിച്ചും കുട്ടികളുമായുള്ള ഫലപ്രദമായ ആശയവിനിമയ മാര്‍ഗങ്ങള്‍ സ്വായത്തമാക്കിയുമാണ് വടിയെ മറികടക്കേണ്ടത്. പ്രോത്സാഹന-അംഗീകാര-സ്‌നേഹസമീപനങ്ങളാണ് കുട്ടികളെ വളര്‍ത്തുന്നതും നല്ലവരാക്കുന്നതും.
ശിക്ഷണത്തെക്കുറിച്ച് ശ്രീബുദ്ധന്‍ പറയുന്നു: “ഒഴുക്കില്‍ ഒരില പോലെയാണ് നിന്റെ വിദ്യാര്‍ഥി. ഒരു ചെടിത്തണ്ടുകൊണ്ട് ഒന്നു തൊട്ടാല്‍മതി, ഇലയുടെ ദിശ മാറും. എത്ര സൗമ്യവും മൃദുലവുമായി അവരെ തൊടാമോ അത്രയും പതുക്കെ, അരുമയോടെ.” പ്രശസ്ത മന:ശാസ്ത്രജ്ഞനായ യൂങ് പറയുന്നു: “സൗഹൃദാന്തരീക്ഷവും ഊഷ്മളതയുമാണ് ഒരു കുഞ്ഞിന്റെയും ഒരു സസ്യത്തിന്റെയും വളര്‍ച്ചയ്ക്ക് അനുപേക്ഷണീയമായി വേണ്ടത്.” അത് മറക്കരുത്.
അഡ്വ. ചാര്‍ളി പോള്‍ (ട്രെയ്‌നര്‍, മെന്റര്‍)