ദോഹ: ഫിഫ ലോകകപ്പിൽ ഇന്ന് വാശിയേറിയ ക്വാട്ടർ മത്സരങ്ങൾ അരങ്ങേറും. ഫുട്ബോൾ പ്രേമികളുടെ പ്രിയപ്പെട്ട ടീമുകൾ സെമി പ്രവേശനത്തിനായി പോരാടാൻ ഇറങ്ങുന്നു എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.
എഡ്യുക്കേഷൻ സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 8.30 ന് നടക്കുന്ന ആദ്യ മത്സരത്തിൽ ബ്രസീൽ – ക്രൊയേഷ്യയെ നേരിടും. അവസാന നാലിലെ ഇടം ഉറപ്പിക്കാൻ യൂറോപ്യൻ ശൈലിയും വേഗതയുമായി കഴിഞ്ഞ വർഷത്തെ റണ്ണറപ്പായ ക്രൊയേഷ്യ ഇറങ്ങുമ്പോൾ, ആറാം ലോകകപ്പ് എന്ന ലക്ഷ്യവുമായിട്ടാണ് ലാറ്റിൻ അമേരിക്കൻ ഫുട്ബോളിൻറെ അഴകും കരുത്തുമായി കാനറികൾ കളത്തിലിറങ്ങുന്നത്.
പരിക്ക് മാറി നെയ്മർ തിരികെ എത്തിയത് ബ്രസീലിന് വലിയ പ്രതീക്ഷ തന്നെയാണ് നൽകുന്നത്. ഗോൾ വല ലക്ഷ്യമാക്കി കുതിക്കുന്ന മുന്നേറ്റ പടയും അവർക്ക് അവസരങ്ങൾ നൽകുന്ന മധ്യ നിരയും, ഒപ്പം ചെറുത്തു നിൽപ്പുമായി പ്രതിരോധ പടയും നെഞ്ച് വിരിച്ചു നിൽക്കുമ്പോൾ ബ്രസീലിന് ക്വാട്ടർ സാധ്യതയേറുന്നു. എന്നാൽ സൂപ്പർ താരം ലൂക്കാമോഡ്രീച്ചാണ് ക്രൊയേഷ്യയുടെ തുറപ്പു ചീട്ട്. ക്രമാറിച്ച് ഗോൾവലയെ ലക്ഷ്യമാക്കി ഗോൾ ശരങ്ങൾ പായിച്ചാൽ കളിയുടെ ഗതി മാറും. പെരിസിച്ചും പെറ്റ്കോവിച്ചും ഫോമിലെത്തിയാൽ കാനറികൾ ക്വാർട്ടർ ഉറപ്പിക്കാൻ നന്നെ വിയർക്കേണ്ടി വരും.
ലുസൈൽ സ്റ്റേഡിയത്തിൽ പുലർച്ചെ നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ അർജൻറീന നെതർലൻറ്സിനെ നേരിടും. ലയണൽ മെസ്സി, ജൂലിയൻ അൽവാരസ്, ലൗട്ടാരോ മാർട്ടിനെസ്, പാപ്പു ഗോമസ് എന്നിവരാണ് ക്വാർട്ടർ പോരാട്ടത്തിൽ അർജൻറീനക്ക് കരുത്താകുക. അതേസമയം പരിക്കിനേത്തുടർന്ന് റോഡ്രീഗോ ഡി പോളും, എഞ്ചൽ ഡി മരിയയും ക്വാർട്ടർ പോരാട്ടത്തിൽ മത്സരക്കില്ലെന്ന വാദങ്ങൾ തള്ളി പരീശീലകൻ സ്കലോണി രംഗത്തെത്തിയിരുന്നു.
“ഞങ്ങളുടെ പരിശീലന സെഷൻ മൈതാനത്തിനകത്താണ്, എന്തുകൊണ്ടാണ് നിങ്ങൾ ഡി പോളിനെക്കുറിച്ച് എന്നോട് ചോദിക്കുന്നത്? നിങ്ങൾ നെതർലാൻഡിനെ സഹായിക്കാൻ ശ്രമിക്കുകയാണോ? മാധ്യമങ്ങളിൽ വിവരങ്ങൾ ചോരുമ്പോൾ അത് നമുക്ക് നല്ലതല്ല” സ്കലോണി പറഞ്ഞു. മികച്ച ടീമെന്ന നിലയിൽ അർജൻറീനക്ക് ക്വാർട്ടർ പോരാട്ടത്തിൽ മുൻതൂക്കം ഉണ്ടെങ്കിലും നെതർലാൻഡിനെ നിസാരമായി കാണാൻ കഴിയില്ല. ജർമ്മനി ഉൾപ്പടെ വമ്പന്മാർ പലരും ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടം കടക്കാതെ മുട്ടിടിച്ചു വീണതിനാൽ മത്സരങ്ങൾ പ്രവചനാതീതമാണ്. അവസാന നാലിലേക്കുള്ള മത്സരം ജീവൻമരണ പോരാട്ടമായതിനാൽ ക്വാർട്ടർ ഫൈനൽ കൊഴുക്കും എന്നതാണ് പ്രതീക്ഷ.