Monday, December 23, 2024

ഇന്ന് ഫ്രാൻസിസ് പാപ്പയുടെ എൺപത്തിയെട്ടാം ജന്മദിനം

ആഗോള കത്തോലിക്ക സഭയുടെ തലവനായ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഇന്ന് എൺപത്തിയെട്ടാം പിറന്നാള്‍. പിറന്നാൾ ദിനത്തിൽ ലോകമെമ്പാടുമുള്ള നിരവധി ആളുകളാണ് പാപ്പയ്ക്ക് പ്രാർഥനകളും ആശംസകളുമായി എത്തുന്നത്.

1936 ഡിസംബര്‍ മാസം 17-ാം തീയതി അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിൽ മാരിയോ ഹൊസെയുടെയും റിജീന സിവോരിയുടെയും മകനായി ജോര്‍ജ് മരിയോ ബെർഗോളിയോ ജനിച്ചു. ഇറ്റലിയില്‍നിന്നും അര്‍ജന്റീനയിലേക്കു കുടിയേറിയവരായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മാതാപിതാക്കള്‍.

രസതന്ത്രത്തില്‍ ബിരുദം കരസ്ഥമാക്കിയ ജോര്‍ജ് മരിയോ 1958 മാര്‍ച്ച് 11-ാം തീയതി ജസ്യൂട്ട് സന്യാസ സഭയില്‍ ചേര്‍ന്ന് വൈദികനാകാനുള്ള തന്റെ പഠനം ആരംഭിച്ചു. ചിലിയില്‍നിന്നും മാനവികവിഷയങ്ങളിലുള്ള പഠനം പൂര്‍ത്തീകരിച്ച് 1963 ല്‍ അര്‍ജന്റീനയില്‍ മടങ്ങിയെത്തിയ അദ്ദേഹം, സാന്‍ മിഗുവേലിലെ സാന്‍ ജോസ് കോളജില്‍നിന്നും തത്വശാസ്ത്രത്തില്‍ ബിരുദപഠനവും പൂര്‍ത്തിയാക്കി.

1969 ഡിസംബര്‍ 13-ാം തിയതിയാണ് ഹോര്‍ഹെ മാരിയോ ബര്‍ഗോളിയോ അര്‍ജന്റീനയിലെ ബ്യൂനസ് ഐറിസില്‍ പൗരോഹിത്യം സ്വീകരിച്ചത്. ഈശോസഭയില്‍ ആദ്യകാല അജപാലനശുശ്രൂഷയും സന്യാസ സമര്‍പ്പണവും ജീവിച്ച ഫാ. ബര്‍ഗോളിയോ, 1973 ല്‍ ഈശോസഭയുടെ അര്‍ജന്റീനയിലെ പ്രൊവിഷ്യല്‍ സുപ്പീരിയറായി സേവനമനുഷ്ഠിച്ചു. 1979 വരെ തല്‍സ്ഥാനത്ത് തുടര്‍ന്നു. 1992 ല്‍ അദ്ദേഹം ബ്യൂനസ് ഐറിസ് അതിരൂപതയുടെ സഹായമെത്രാനായും തുടര്‍ന്ന് 1998 ല്‍ മെത്രാപ്പോലീത്തയായും നിയമിതനായി. ബ്യൂനസ് ഐറിസ് അതിരൂപതാധ്യക്ഷനായി പ്രവര്‍ത്തിക്കവെ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ് ആര്‍ച്ചുബിഷപ്പ് ബര്‍ഗോളിയോയെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്.

2013 ല്‍  ബെനഡിക്ട് 16-ാമന്‍ പാപ്പ ഫെബ്രുവരി 28 ന് സ്ഥാനത്യാഗം ചെയ്തതിനെ തുടര്‍ന്നാണ് മാര്‍ച്ച് 13 ന് കര്‍ദിനാള്‍ ബര്‍ഗോളിയോ പാപ്പാസ്ഥാനത്തേക്ക്  തിരഞ്ഞെടുക്കപ്പെട്ടത്. ഈശോസഭയില്‍നിന്നും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നും മാത്രമല്ല, യൂറോപ്പിനു പുറത്തുനിന്നുമുള്ള (Non european) ആദ്യത്തെ സഭാതലവനാണ് ഫ്രാന്‍സിസ് പാപ്പ.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News