പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രപതി തന്നെ ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ജെ കെ മഹേശ്വരി, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുക. മെയ് 28 ന് ആണ് ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്.
രാഷ്ട്രപതിയെ ഉദ്ഘാടന ചടങ്ങിന് ക്ഷണിക്കാത്തതിനാൽ ലോക്സഭ സെക്രട്ടേറിയേറ്റ് ഭരണഘടനാ ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട്ടിൽ നിന്നുള്ള അഭിഭാഷകൻ സി ആർ ജയ സുകിൻ ആണ് ഹർജി നൽകിയത്. രാഷ്ട്രപതി പാർലമെന്റിന്റെ അവിഭാജ്യ ഘടകമാണ്. എന്തുകൊണ്ടാണ് ശിലാസ്ഥാപന ചടങ്ങിൽ നിന്ന് രാഷ്ട്രപതിയെ മാറ്റിനിർത്തിയത്? ഉദ്ഘാടന ചടങ്ങിലേക്കും രാഷ്ട്രപതിയെ ക്ഷണിച്ചിട്ടില്ല. അതിനാൽ സർക്കാരിന്റെ ഈ തീരുമാനം തെറ്റാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി.
പാർലമെന്റ് ഉദ്ഘാടന ചടങ്ങിൽ രാഷ്ട്രപതിയെ മാറ്റി നിർത്തിയ സംഭവത്തിൽ പ്രതിപക്ഷവും പ്രതിഷേധവുമായി രംഗത്തുണ്ട്. പുതിയ പാർലമെന്റ് മന്ദിരം സ്വയം ഉദ്ഘാടനം ചെയ്യാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നീക്കം ഇന്ത്യൻ ജനാധിപത്യത്തിന് നേരെയുള്ള അപമാനമാണെന്നായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. അതിനാൽ തന്നെ 28 നു നടക്കാനിരിക്കുന്ന ഉദ്ഘാടന ചടങ്ങു ബഹിഷ്കരിക്കുവാൻ ഉള്ള തീരുമാനത്തിലാണ് കോൺഗ്രസ്, സിപിഎം, സിപിഐ, ടിഎംസി, എസ്പി, എഎപി എന്നിവയുൾപ്പെടെ 20 പ്രതിപക്ഷ പാർട്ടികൾ.