Wednesday, November 27, 2024

അമേരിക്കയില്‍ നാശം വിതച്ച് ‘ടോർണാടോ’: അഞ്ചു മരണം

അമേരിക്കയില്‍ ആഞ്ഞടിച്ച ടോർണാടോ ചുഴലിക്കാറ്റില്‍ അഞ്ചു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മിസോറിയിലും, സെൻട്രൽ അയോവയിലും ബുധനാഴ്ച വീശിയടിച്ച ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടം ഉണ്ടായതായി അധികൃതര്‍ വ്യക്തമാക്കി. ചുഴലിക്കാറ്റിന്‍റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിക്കുന്നുണ്ട്.

“നിലവില്‍, ടൊർണാടോ ചുഴലിക്കാറ്റില്‍ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. 87 കെട്ടിടങ്ങൾക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിക്കുകയും 12 കെട്ടിടങ്ങൾ പൂര്‍ണ്ണമായും തകർന്നതായും സ്ഥിരീകരിച്ചിട്ടുണ്ട്” – മിസോറി സ്റ്റേറ്റ് ഹൈവേ പട്രോൾ സൂപ്രണ്ട് എറിക് ഓൾസൺ പറഞ്ഞു. ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ റിപ്പോര്‍ട്ട് പ്രകാരം പ്രാദേശിക സമയം പുലർച്ചെ 3:30 നാണ് (0830 GMT) ടോർണാടോ ചുഴലിക്കാറ്റ് തീരം തൊട്ടത്. അമേരിക്കയിലെ ചിക്കാഗോ, ഡെട്രോയിറ്റ്, ഇൻഡ്യാനപൊളിസ്, കൊളംമ്പസ് (ഒഹിയോ),) മെംഫിസ് (ടെന്നീസ്) എന്നിവിടങ്ങളിലും ചുഴലിക്കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.

അതേ സമയം, ടോർണാടോ വിതച്ച ദുരന്തത്തില്‍ നിന്നും കരകയറാന്‍ ദിവസങ്ങള്‍ വേണ്ടി വരുമെന്നു മിസോറി ഗവർണർ മൈക്ക് പാർസൺ പറഞ്ഞു. ചുഴലിക്കാറ്റില്‍ തകര്‍ന്ന ഗ്രാമീണമേഖലയിലെ വീടുകളും മറ്റും അധികൃതര്‍ പരിശോധിച്ചു വരികയാണ്. ആവശ്യമായ സഹായങ്ങള്‍ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ വാഗ്ദാനം ചെയ്തതായും അദ്ദേഹം അറിയിച്ചു.

Latest News