യുനെസ്കോയുടെ ലോക പൈതൃകപട്ടികയിൽ ഇടംപിടിച്ച ആസ്ട്രിയയിലെ ഹാൾസ്റ്റാറ്റിലെ ജനങ്ങള്‍ പ്രത്യക്ഷസമരത്തിനൊരുങ്ങുന്നു. ടൂറിസ്റ്റുകളുടെ ‘ശല്യം’ സഹിക്കവയ്യാതെയാണ് ജനങ്ങള്‍ സമരത്തിനിറങ്ങുന്നത്. ഹാൾസ്റ്റാറ്റിലെത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണം നിയന്ത്രിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
ആസ്ട്രിയയിലെ ഹാൾസ്റ്റാറ്റില്‍ ആകെ ജനസംഖ്യ 700 ആണ്. എന്നാല്‍ ഇവിടേക്ക് ദിവസവും പതിനായിരത്തിലേറെ പേരാണ് സന്ദർശനത്തിനെത്തുന്നത്. ഹാൾസ്റ്റാറ്റിന്റെ സാമ്പത്തിക ഉന്നമനത്തിന് ടൂറിസം വഴിയൊരുക്കുമെങ്കിലും ക്രമാതീതമായ സന്ദർശകപ്രവാഹം തങ്ങളുടെ ദൈനംദിന ജീവിതം പൊറുതിമുട്ടിക്കുന്നതായാണ് ജനങ്ങളുടെ പരാതി. അതിനാല്‍ വൈകിട്ട് അഞ്ചുമണി കഴിഞ്ഞാൽ ഇവിടേക്കുള്ള ടൂറിസ്റ്റ് ബസുകളുടെ പ്രവേശനം നിരോധിക്കണമെന്നാണ് ഹാൾസ്റ്റാറ്റുകാരുടെ ആവശ്യം.
പുരാതനശൈലിയിൽ നിർമ്മിച്ച മനോഹരഭവനങ്ങളും, പർവതങ്ങളാൽ ചുറ്റപ്പെട്ട ആൽപൈൻ തടാകവുമൊക്കെ ചേർന്ന് പ്രകൃതിഭംഗിയാർന്ന പ്രദേശമാണ് ഇവിടം. അതിനാല്‍ ടൂറിസ്റ്റുകള്‍ ക്രമാതിതമായി ഇവിടേക്ക് എത്തുകയും വാഹനബാഹുല്യം കനത്ത ഗതാഗതക്കുരുക്കിനും തങ്ങളുടെ സഞ്ചാരത്തിനും ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. നേരത്തെ, സെൽഫിയെടുക്കുന്നവരെ തടയാൻ ആൽപ്സിന്റെ കാഴ്ച മറച്ച് നാട്ടുകാർ വലിയ ബോർഡുകള്‍ വച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ ഇത് ചർച്ചയായതോടെ പിന്നീട് ഇത് മാറ്റി. പിന്നാലെയാണ് പ്രത്യക്ഷസമരത്തിലേക്ക് ഹാൾസ്റ്റാറ്റുകാര്‍ കടക്കുന്നത്.