ചൊവ്വയിലെ വിഷലിപ്തമായ പൊടിപടലങ്ങൾ ഭാവിയിൽ ബഹിരാകാശ യാത്രികർക്ക് ചുവന്ന ഗ്രഹത്തിലേക്കുള്ള ദൗത്യം അത്യന്തം അപകടകരമാക്കുമെന്ന് റിപ്പോർട്ട്. ഇതിനായി കാര്യമായ പ്രതിരോധ നടപടികൾ ആവശ്യമാണെന്നും പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ചൊവ്വയിലെ പൊടിയിൽ സിലിക്ക, ജിപ്സം, പെർക്ലോറേറ്റുകൾ, നാനോഫേസ് അയൺ ഓക്സൈഡുകൾ എന്നീ വസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഇത് ചൊവ്വദൗത്യത്തിലെ അംഗങ്ങളുടെ ജീവനു ഭീഷണിയായേക്കാമെന്ന് കഴിഞ്ഞ മാസം ജിയോഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.
ബഹിരാകാശ യാത്രയിലെ റേഡിയേഷൻ എക്സ്പോഷർ കാരണം ബഹിരാകാശ യാത്രികർക്ക് ഇതിനകംതന്നെ പൾമണറി ഫൈബ്രോസിസിനു സാധ്യതയുണ്ട്. കൂടാതെ സിലിക്ക, ഇരുമ്പ് ഓക്സൈഡുകൾ ഉൾപ്പെടെയുള്ള പല ഘടകങ്ങളും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കു കാരണമാകും. ഇതെല്ലാം അമിതമായി ബാധിക്കപ്പെടാനും സാധ്യതയുണ്ട്.
ചൊവ്വയിലെ മണ്ണിൽ വിഷാംശമുള്ള അളവിൽ പെർക്ലോറേറ്റുകളും രാസസംയുക്തങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇത് തൈറോയ്ഡ് പ്രവർത്തനവൈകല്യത്തിനും അപ്ലാസ്റ്റിക് അനീമിയയ്ക്കും കാരണമാകുമെന്ന ആശങ്കയും ആരോഗ്യവിദഗ്ധർ പങ്കുവയ്ക്കുന്നു. ശ്വാസകോശ അർബുദം, മെസോതെലിയോമ, ഹൃദ്രോഗം എന്നിവയുൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഗവേഷണങ്ങൾ പറയുന്നു. ചൊവ്വയിൽ നിന്ന് ഭൂമിയിലേക്കു മടങ്ങാൻ സമയദൈർഘ്യം ഉണ്ടാകുമ്പോൾ പൊടിയുമായുള്ള സമ്പർക്കം ഉറപ്പായും ഒഴിവാക്കുക എന്നതാണ് പ്രധാനമെന്നും പഠനം പറയുന്നു.