ലോകത്തിലെ ഏറ്റവും മാരകമായ വാതകചോർച്ചയ്ക്ക് സാക്ഷ്യം വഹിച്ച യൂണിയൻ കാർബൈഡ് കെമിക്കൽ ഫാക്ടറിയിൽനിന്ന് നൂറുകണക്കിന് ടൺ വിഷമാലിന്യങ്ങൾ, ദുരന്തം നടന്ന് 40 വർഷത്തിനുശേഷം നീക്കം ചെയ്തു. മാലിന്യം സംസ്കരിക്കുന്നതിന് കോടതി നാലാഴ്ചത്തെ സമയപരിധി നിശ്ചയിച്ചിരുന്നു. ബുധനാഴ്ച, മധ്യ ഇന്ത്യൻ നഗരമായ ഭോപ്പാലിലെ യൂണിയൻ കാർബൈഡ് ഫാക്ടറിയിൽനിന്ന് 230 കിലോമീറ്റർ (143 മൈൽ) അകലെയുള്ള ഇൻസിനറേറ്റർ കേന്ദ്രത്തിലേക്ക് ഏകദേശം 337 ടൺ വിഷമാലിന്യം കൊണ്ടുപോയി. മാലിന്യം സംസ്കരിച്ച് ദഹിപ്പിക്കാൻ മൂന്നു മുതൽ ഒമ്പതു മാസം വരെ വേണ്ടിവരും.
1984 ഡിസംബറിൽ ഫാക്ടറിയിൽനിന്ന് ചോർന്ന വിഷവാതകം ശ്വസിച്ച് ആയിരക്കണക്കിന് ആളുകളാണ് മരണമടഞ്ഞത്. അന്നുമുതൽ വിഷവസ്തുക്കൾ ഫാക്ടറിയിൽ കിടക്കുന്നു. ചുറ്റുമുള്ള പ്രദേശങ്ങളിൽ ഭൂഗർഭജലം മലിനമാക്കുന്നു. ഈ ആഴ്ച ഫാക്ടറിയിൽനിന്ന് നീക്കം ചെയ്ത വിഷമാലിന്യത്തിൽ അഞ്ചുതരം അപകടകരമായ വസ്തുക്കൾ – കീടനാശിനി അവശിഷ്ടങ്ങളും അതിന്റെ നിർമാണപ്രക്രിയയിൽ നിന്ന് അവശേഷിക്കുന്ന രാസവസ്തുക്കളും – ഉൾപ്പെടുന്നു. പതിറ്റാണ്ടുകളായി, ഉപേക്ഷിക്കപ്പെട്ട ഫാക്ടറിസൈറ്റിലെ ഈ രാസവസ്തുക്കൾ സാവധാനം ചുറ്റുമുള്ള പരിസ്ഥിതിയിലേക്ക് ഒഴുകുകയും ഇത് സമീപപ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് സ്ഥിരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഭോപ്പാൽ നഗരത്തിൽനിന്ന് അതീവസുരക്ഷയോടെ പ്രത്യേകം സീൽ ചെയ്ത പാത്രങ്ങളിലാണ് മാലിന്യം കൊണ്ടുപോയത്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടോക്‌സിക്കോളജി റിസർച്ചിന്റെ 2018 ലെ പഠനത്തിൽ, ഫാക്ടറിക്കു സമീപമുള്ള 42 ജനവാസമേഖലകളിലുടനീളം ഉയർന്ന അളവിലുള്ള ലോഹങ്ങളും രാസവസ്തുക്കളും ഭൂഗർഭജലത്തെ മലിനമാക്കിയതായി കണ്ടെത്തി. പതിറ്റാണ്ടുകളുടെ നിഷ്ക്രിയത്വത്തിനുശേഷം, ഡിസംബർ മൂന്നിന് മധ്യപ്രദേശ് സംസ്ഥാന ഹൈക്കോടതി, സൈറ്റിൽനിന്ന് വിഷമാലിന്യങ്ങൾ നീക്കം ചെയ്യാൻ അധികാരികൾക്ക് നാലാഴ്ചത്തെ സമയപരിധി നിശ്ചയിച്ചു. 40 വർഷമായിട്ടും അധികാരികൾ ഇപ്പോഴും നിഷ്ക്രിയാവസ്ഥയിലാണെന്ന് കോടതി പറഞ്ഞു.
ഞായറാഴ്ച മുതൽ മാലിന്യം ലീക്ക് പ്രൂഫ് ചാക്കുകളിൽ പാക്ക് ചെയ്യാൻ തുടങ്ങിയതോടെയാണ് മാലിന്യം നീക്കാനുള്ള നടപടികൾ ആരംഭിച്ചത്. ഈ ബാഗുകൾ ബുധനാഴ്ച സീൽ ചെയ്ത 12 ട്രക്കുകളിൽ കയറ്റി. പൊലീസ് അകമ്പടി, ആംബുലൻസുകൾ, അഗ്നിശമനസേനകൾ, മാലിന്യം കൊണ്ടുപോകുന്ന ട്രക്കുകളുടെ വാഹനവ്യൂഹത്തിനൊപ്പം ഒരു ക്വിക്ക് റെസ്‌പോൺസ് ടീമും ഉണ്ടായിരുന്നു.
തുടക്കത്തിൽ, ചില മാലിന്യങ്ങൾ പിതാംപൂരിലെ ഡിസ്പോസൽ യൂണിറ്റിൽ കത്തിക്കുകയും അവശിഷ്ടങ്ങൾ വിഷാംശത്തിനായി പരിശോധിക്കുകയും ചെയ്യുമെന്ന് ഭോപ്പാൽ വാതകദുരന്ത നിവാരണ, പുനരധിവാസ വകുപ്പ് മേധാവി സ്വതന്ത്ര കുമാർ സിംഗ് പറഞ്ഞു. ഇൻസിനറേറ്ററിൽ നിന്നുള്ള പുകയോ, അതിനുശേഷം അവശേഷിക്കുന്ന ചാരമോ, വായുവും വെള്ളവും മലിനമാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, ഈ നീക്കത്തിനെതിരെ പ്രകൃതിസ്നേഹികളും ഡിസ്പോസൽ സൈറ്റിനു സമീപം താമസിക്കുന്നവരും പ്രതിഷേധത്തിലാണ്.
2015 ൽ പരീക്ഷണാടിസ്ഥാനത്തിൽ കാർബൈഡ് ഫാക്ടറിയിൽനിന്നുള്ള ചെറിയ അളവിലുള്ള മാലിന്യം പ്ലാന്റിൽ നശിപ്പിച്ചതായി അവർ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു. സമീപഗ്രാമങ്ങളിലെ മണ്ണ്, ഭൂഗർഭജലം, ശുദ്ധജല സ്രോതസ്സുകൾ എന്നിവയെ ഇത് മലിനമാക്കുന്നുവെന്ന് ആരോപണമുണ്ടെങ്കിലും ഈ അവകാശവാദങ്ങൾ സിംഗ് നിഷേധിച്ചു. വിഷമാലിന്യങ്ങൾ കത്തിക്കുന്നത് സമീപഗ്രാമങ്ങളിൽ പ്രതികൂലമായ ഒരു പ്രത്യാഘാതവും ഉണ്ടാക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. വർഷങ്ങളായി, ഭോപ്പാൽ ഫാക്ടറിയിൽനിന്നുള്ള മാലിന്യം സംസ്കരിക്കാൻ ഉദ്യോഗസ്ഥർ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും പ്രവർത്തകരുടെ എതിർപ്പിനെത്തുടർന്ന് അവരുടെ പദ്ധതികൾ ഉപേക്ഷിച്ചു.
2015 ൽ ഇന്ത്യയുടെ മലിനീകരണ നിയന്ത്രണ ബോർഡ് ഗുജറാത്തിൽ വിഷമാലിന്യം കത്തിക്കുമെന്നു പറഞ്ഞെങ്കിലും പ്രതിഷേധത്തെത്തുടർന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ബോർഡ് പിന്നീട് ഹൈദരാബാദ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും സൈറ്റുകൾ കണ്ടെത്തി. എന്നാൽ സമാനമായ പ്രതിരോധം നേരിട്ടു. ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തങ്ങളിലൊന്നാണ് ഭോപ്പാൽ വാതകദുരന്തം.
സർക്കാർ കണക്കുകൾപ്രകാരം, വാതകചോർച്ചയിൽ ദിവസങ്ങൾക്കുള്ളിൽ ഏകദേശം 3,500 പേർ മരിച്ചു. അതിനുശേഷമുള്ള വർഷങ്ങളിൽ 15,000 ത്തിലധികം പേർ മരിച്ചു. എന്നാൽ മരണസംഖ്യ ഇതിലും കൂടുതലാണെന്നാണ് പറയപ്പെടുന്നത്. വിഷവാതകം ശ്വസിച്ചതിന്റെ പാർശ്വഫലങ്ങൾ ഇരകൾ ഇന്നും അനുഭവിക്കുന്നുണ്ട്.
2010 ൽ ഒരു ഇന്ത്യൻ കോടതി പ്ലാന്റിലെ ഏഴ് മുൻ മാനേജർമാരെ കുറ്റക്കാരായി കണ്ടെത്തി ചെറിയ പിഴയും ഹ്രസ്വകാല തടവും വിധിച്ചു. എന്നാൽ ദുരന്തത്തിന്റെ തീവ്രത കണക്കിലെടുക്കുമ്പോൾ ഇപ്പോഴും നീതി ലഭിച്ചിട്ടില്ലെന്ന് ഇരകൾ പറയുന്നു.