50 വർഷങ്ങൾക്കുമുൻപു നടന്ന, ലോകത്തിലെ ആദ്യത്തെ ആഴക്കടൽ ഖനനപരീക്ഷണങ്ങളുടെ പാടുകൾ അമേരിക്കയുടെ കിഴക്കൻതീരത്തെ കടൽത്തീരത്തുനിന്നും കണ്ടെത്തി. ബ്ലെയ്ക്ക് പീഠഭൂമിയിൽ നടത്തിയ പ്രാഥമിക പരീക്ഷണങ്ങളുടെ അവശിഷ്ടങ്ങൾ, അരനൂറ്റാണ്ട് പിന്നിട്ടിട്ടും ഇന്നും ദൃശ്യമാണ്. വലിയതോതിൽ ആഴക്കടൽ ഖനനം നടത്തിയാൽ സമുദ്ര ആവാസവ്യവസ്ഥയിൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളുടെ ഒരു ചെറിയ ഉദാഹരണം മാത്രമാണ് ഇതെന്ന് ശാസ്ത്രജ്ഞർ കരുതുന്നു.
അന്തർവാഹിയിൽ കടലിനടിയിലേക്കുപോയ സംഘത്തിൽപെട്ട ഒരാളായ ജോയ്, ബ്ലെയ്ക്ക് പീഠഭൂമിയിലെ കാഴ്ച കണ്ട് അദ്ഭുതപ്പെട്ടുപോയെന്നു പറയുന്നു. “അത് അതിശയകരമാംവിധം വൈവിധ്യപൂർണ്ണമാണ്” – 2018 ഓഗസ്റ്റിൽ പീഠഭൂമിയിലേക്കുള്ള തന്റെ അവസാന യാത്ര ഓർമ്മിച്ചുകൊണ്ട് അദ്ദേഹം പറയുന്നു. ബ്ലെയ്ക്ക് പീഠഭൂമിയുടെ ഒരു ഭാഗം1970 ൽ നടത്തിയ ലോകത്തിലെ ആദ്യത്തെ ആഴക്കടൽ ഖനന പൈലറ്റ് പരീക്ഷണത്തിന്റെ പാടുകൾ കൊണ്ട് തരിശായി കിടക്കുകയാണ്.
അമേരിക്കൻ കമ്പനിയായ ഡീപ്‌സി വെഞ്ച്വേഴ്‌സ് 1970 ജൂലൈയിലാണ് ലോകത്തിലെ ആദ്യത്തെ ആഴക്കടൽ ഖനനപരീക്ഷണം നടത്തുന്നത്. ഇത് ഒരു വാക്വം ക്ലീനർ പോലുള്ള യന്ത്രം കടലിന്റെ അഗാധതയിലേക്കു കടത്തിവിട്ട് അടിത്തട്ടിൽ നിന്ന് ബേസ്ബോളിന്റെ വലിപ്പത്തിലുള്ള 60,000 കട്ടകൾ വലിച്ചെടുത്ത് നടത്തുന്ന പരീക്ഷണം ആയിരുന്നു.