വാണിജ്യ എസ്എംഎസ് അയയ്ക്കാനും കോള്‍ ചെയ്യാനും വ്യക്തികളില്‍ നിന്ന് ബ്രാന്‍ഡുകളും സ്ഥാപനങ്ങളും ഓണ്‍ലൈനായി അനുമതി തേടണമെന്ന നിര്‍ദ്ദേശവുമായി ട്രായ്. ഇതിനായി ടെലികോം കമ്പനികള്‍ ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോം -ഡിജിറ്റല്‍ കണ്‍സെന്റ് അക്വിസിഷന്‍ (ഡിസിഎ) സജ്ജമായി കഴിഞ്ഞു.
ഡിംസബര്‍ മുതല്‍ നടപ്പാക്കാനാണ് ട്രായ് നിര്‍ദ്ദേശിക്കുന്നത്. ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, വ്യാപാര സ്ഥാപനങ്ങള്‍ അടയ്ക്കമുള്ളവയ്ക്ക് ഇതു ബാധകമാണ്. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) ചട്ടം അടിയന്തരമായി നടപ്പാക്കാന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്കി. ഏതൊക്കെ ബ്രാന്‍ഡുകളുടെ കോളും എസ്എംഎസും സ്വീകരിക്കണമെന്ന് ഉപയോക്താവിന് തീരുമാനിക്കാം. ബ്രാന്‍ഡുകള്‍ക്ക് നല്കിയ അനുമതി പിന്നീട് പിന്‍വലിക്കാം.
ഡിസിഎ പൂര്‍ണ തോതില്‍ നടപ്പായാല്‍ മറ്റൊരു മാര്‍ഗത്തിലൂടെയും കമ്പനികള്‍ ഉപയോക്താവില്‍ നിന്ന് തേടിയ അനുമതിക്ക് സാധുതയില്ല. സംവിധാനം നടപ്പിലാകുന്നതോടെ 127ഃഃഃ എന്ന ഫോര്‍മാറ്റിലുള്ള ഫോണ്‍ നമ്പറില്‍ നിന്ന് അനുമതി തേടി ഉപയോക്താവിന് മെസേജ് അയക്കണം.
ഇതിന് ‘Yes’ എന്ന് മറുപടി ലഭിച്ചാല്‍ തുടര്‍ന്ന് 12 മാസം വാണിജ്യ എസ്എംഎസുകള്‍ അയക്കാം. നിരാകരിച്ചാല്‍ അടുത്ത മൂന്ന് മാസം മെസേജ് അയക്കാന്‍ കഴിയില്ല. അനുമതി തേടിയുള്ള സന്ദേശത്തോട് പ്രതികരിച്ചില്ലെങ്കില്‍ ഒരു മാസത്തേക്ക് അയയക്കാന്‍ പാടില്ല. അനുമതി തേടിയുള്ള എസ്എംഎസുകള്‍ സ്വീകരിക്കാന്‍ താത്പര്യമില്ലെങ്കില്‍ അത് നിര്‍ത്താനും സംവിധാനമുണ്ടാകും. ഇതുവരെ വാണിജ്യ എസ്എംഎസും കോളും ഒഴിവാക്കാന്‍ ഉപയോക്താവിന് ഡു നോട്ട് ഡിസ്റ്റര്‍ബ് ഓപ്ഷന് ഉപയോഗിക്കണമായിരുന്നു. എന്നാല്‍ ഭാവിയില്‍ ഉപയോക്താവ് അനുമതി നല്കുന്ന ബ്രാന്‍ഡുകള്‍ക്ക് മാത്രമേ എസ്എംഎസും കോളും ചെയ്യാന്‍ കഴിയൂ