അഫ്ഗാനിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദികളാണ് ബലൂചിസ്ഥാനിൽ ട്രെയിൻ തട്ടിക്കൊണ്ടു പോയതെന്നും ആക്രമിച്ചതെന്നും വെളിപ്പെടുത്തി പാക്കിസ്ഥാൻ സൈന്യം. 36 മണിക്കൂർ നീണ്ട ഉപരോധം ബുധനാഴ്ച അവസാനിച്ചതോടെ ഇന്റലിജൻസ് വിവരങ്ങളെ ഉദ്ധരിച്ചുകൊണ്ടാണ് പാക്കിസ്ഥാൻ സൈന്യം ഈ കാര്യം പറഞ്ഞത്. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഒറ്റപ്പെട്ട പർവതനിരകളിൽ നാനൂറിലധികം യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ട്രെയിനാണ് തട്ടിക്കൊണ്ടു പോയത്. ബലൂച് ലിബറേഷൻ ആർമിയിലെ തീവ്രവാദികളായിരുന്നു ഇതിനു പിന്നിൽ.
യാത്രക്കാരെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടന്നിരുന്നു. അതിന്റെ ഭാഗമായി ബുധനാഴ്ച രാത്രിയോടെ സുരക്ഷാസേന, ആയുധധാരികളായ 33 അക്രമികളെ വധിച്ച് എല്ലാ യാത്രക്കാരെയും രക്ഷപെടുത്തി. എന്നാൽ ട്രെയിനിൽ നടന്ന ആക്രമണത്തിൽ കുറഞ്ഞത് 21 യാത്രക്കാരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
“സംഭവത്തിലുടനീളം, അഫ്ഗാനിസ്ഥാനിൽ താമസിക്കുന്ന തീവ്രവാദ നേതാക്കൾ സാറ്റലൈറ്റ് ഫോണുകൾ ഉപയോഗിച്ച് അക്രമികളുമായി ബന്ധപ്പെട്ടിരുന്നു” – പബ്ലിക് റിലേഷൻസ് വിഭാഗമായ ഇന്റർ-സർവീസസ് പബ്ലിക് റിലേഷൻസ് (ISPR) ആണ് ഒരു പ്രസ്താവനയിൽ ഇക്കാര്യം പറഞ്ഞത്. തീവ്രവാദികളുമായി നേരിട്ട് ആശയവിനിമയം നടത്തിയിരുന്ന, അഫ്ഗാനിസ്ഥാനിൽനിന്നു പ്രവർത്തിക്കുന്ന തീവ്രവാദസംഘത്തിലെ നേതാക്കളാണ് ആക്രമണം ആസൂത്രണം ചെയ്ത്. ഈ കാര്യം വ്യക്തമാക്കുന്ന ഇന്റലിജൻസ് റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും സൈന്യം പറയുന്നു.