Wednesday, February 19, 2025

‘സിൽവർ ട്രെയിനുകൾ’: ചൈനയിലെ പ്രായമായവർക്കുള്ള ട്രെയിൻ

ജനസംഖ്യാപരമായ ഇടിവും മുരടിച്ചുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയും നേരിടുന്ന സാഹചര്യത്തിൽ അതിവേഗം പ്രായമാകുന്ന ജനങ്ങളെ യാത്ര ചെയ്യാനും കൂടുതൽ സമയം ചെലവഴിക്കാനും പ്രോത്സാഹിപ്പിക്കുന്നതിനും പ്രായമായവരുടെ സുഖത്തിനും സുരക്ഷയ്ക്കുമായി പ്രത്യേക ‘സിൽവർ ട്രെയിനുകൾ’ ആരംഭിക്കാനൊരുങ്ങി ചൈന. പുതിയ ട്രെയിനുകളിലെ ബെർത്തുകൾ പ്രായമായ യാത്രക്കാർക്ക് കൂടുതൽ സുഖകരമാകുംവിധം ക്രമീകരിക്കുമെന്നും ഹാൻഡ്‌റെയിലുകൾ, ഓക്സിജൻ കുപ്പികൾ, അടിയന്തര കോൾ ബട്ടണുകൾ തുടങ്ങിയ സവിശേഷതകളോടെയാണ് ഇവ വരുന്നതെന്നും സർക്കാർ നടത്തുന്ന ദേശീയ ടാബ്ലോയിഡ് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

പരിമിതമായ ചികിത്സകൾ നൽകാനും അടിയന്തര മരുന്നുകൾ നിർദേശിക്കാനും കഴിയുന്ന പരിചാരകരും പ്രൊഫഷണൽ മെഡിക്കൽ സ്റ്റാഫും ട്രെയിനിലുണ്ടാകും. ചൈനയുടെ വാണിജ്യ, ടൂറിസം മന്ത്രാലയവും മറ്റ് സർക്കാർ വകുപ്പുകളും ചൊവ്വാഴ്ച പുറത്തിറക്കിയ പദ്ധതികൾപ്രകാരം, 2027 ഓടെ രാജ്യവ്യാപകമായി ‘സിൽവർ ട്രെയിനുകളുടെ’ ഒരു ശൃംഖല ആരംഭിക്കാനാണ് പദ്ധതി.

‘സിൽവർ ട്രെയിൻ’ പദ്ധതിയുടെ ഭാഗമായി, പ്രായമായ വിനോദസഞ്ചാരികൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്നതരത്തിൽ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ നവീകരിക്കാനും ചൈനീസ് ഉദ്യോഗസ്ഥർ ആഹ്വാനം ചെയ്തു.

“പ്രായമായവർക്ക്, പ്രത്യേകിച്ച് വിരമിച്ചവർക്ക് യാത്ര ചെയ്യാൻ സമയവും സാമ്പത്തിക സ്രോതസ്സുകളുമുണ്ട്” എന്ന് ടൂറിസം ട്രിബ്യൂണിന്റെ പ്രൊഫസറും എക്സിക്യൂട്ടീവ് എഡിറ്റർ-ഇൻ-ചീഫുമായ ഷാങ് ലിംഗ്യുൻ പറഞ്ഞതായി ഗ്ലോബൽ ടൈംസ് ഉദ്ധരിച്ചു. നിലവിൽ ചൈനയിൽ രാജ്യവ്യാപകമായി 1,860 ടൂറിസ്റ്റ് ട്രെയിനുകളുണ്ടെന്ന് സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ സി സി ടിവി റിപ്പോർട്ട് ചെയ്യുന്നു. 80 ശതമാനവും മധ്യവയസ്കരും പ്രായമായവരുമായ യാത്രക്കാരാണ് അവരുടെ പ്രധാന ഉപഭോക്താക്കൾ.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News