മലയോര മേഖലയായ ഇടുക്കിയോട് ചേര്‍ന്ന് ട്രെയിന്‍ സര്‍വീസ് എത്തുന്നു. ഇടുക്കി ജില്ലയോട് ചേര്‍ന്നുള്ള തേനി ബോഡിനായ്ക്കനൂരിലെ ബ്രോഡ്ഗേജ് പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയായതോടെയാണ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ തീരുമാനമായത്.
കഴിഞ്ഞ നവംബറില്‍ നിര്‍മ്മാണം പൂര്‍ത്തിയായ ബ്രോഡ്ഗേജ് പാതയിലൂടെ നടത്തിയ ആദ്യഘട്ട പരീക്ഷണ ഒാട്ടം വിജയകരമായിരുന്നു. തുടര്‍ന്ന് ഡിസംബറില്‍ നടന്ന രണ്ടാം ഘട്ട പരീക്ഷണവും വിജയകരമായതോടെയാണ് സര്‍വീസ് ആരംഭിക്കാന്‍ ദക്ഷിണ റെയില്‍വേയുടെ തീരുമാനമായത്. സുരക്ഷ പരിശോധനകള്‍ പൂര്‍ത്തിയായതായും ഫെബ്രുവരി 19 മുതല്‍ പുതിയ സര്‍വീസ് ആരംഭിക്കുമെന്നും ദക്ഷിണ റെയില്‍വേ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അതേസമയം ഇടുക്കിയിലെ പൂപ്പാറ ഗ്രാമത്തില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയാണ് ബോഡിനായ്കനൂര്‍ സ്ഥിതി ചെയ്യുന്നത്. അതിനാല്‍ പുതിയ ട്രെയിന്‍ സര്‍വീസ് ഇടുക്കി ജില്ലക്ക് കൂടുതല്‍ സഹായകമാകുമെന്നാണ് വിലയിരുത്തല്‍. തമിഴ്നാട്ടില്‍ നിന്നും വരുന്ന സഞ്ചാരികള്‍ക്ക് മൂന്നാര്‍ ഉള്‍പ്പടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്താനും സര്‍വീസ് സഹായിക്കും. കൂടാതെ മലയോര മേഖലകളില്‍ നിന്നുള്ള കാര്‍ഷിക വിളകളുടെ നീക്കത്തിനും സര്‍വീസ് വഴിയൊരുക്കും.
ശബരിമല തീര്‍ത്ഥാടനത്തിനായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ക്കും സര്‍വീസ് സഹായകരമാകുമെന്നാണ് പ്രതീക്ഷ. ആദ്യഘട്ടത്തില്‍ ആഴ്ചയില്‍ മൂന്ന് ദിവസമാണ് ട്രെയിന്‍ സര്‍വീസ് നടത്തുക. ചെന്നൈ സെന്‍ഡ്രല്‍- മധുര സെന്‍ഡ്രല്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിനാണ് ബോഡിനായ്ക്കനൂരില്‍ എത്തുക.