Monday, November 25, 2024

സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകര്‍ക്കും സ്ഥലംമാറ്റം; കഴിവുറ്റ അധ്യാപകരുടെ സേവനം ലഭ്യമാക്കാനെന്ന് വിശദീകരണം

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള സ്ഥലം മാറ്റരീതി അധ്യാപകര്‍ക്കും ബാധകമാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് പദ്ധതിയിടുന്നു. ഗവണ്‍മെന്‍റ് സ്കൂളുകളിലെ അധ്യാപകരുടെ സ്ഥലം മാറ്റമാണ് സര്‍ക്കാര്‍ പരിഗണനയിലുള്ളത്. കഴിവുറ്റ അധ്യാപകരുടെ സേവനം പൊതുവായി ലഭിക്കാന്‍ ഇത് ഉപകരിക്കുമെന്നാണ് സര്‍ക്കാര്‍ വാദം.

നിലവില്‍ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അഞ്ചു വര്‍ഷം കൂടുമ്പോള്‍ സ്ഥലംമാറുന്ന രീതിയാണ് ഉള്ളത്. എന്നാല്‍ ഹയര്‍സെക്കന്‍ഡറി ഒഴികെയുള്ള എല്‍പി, യുപി, ഹൈസ്കൂള്‍ തലങ്ങളില്‍ സ്ഥലംമാറ്റം ഉണ്ടായിരുന്നില്ല. സ്ഥലം മാറ്റത്തിലൂടെ മികച്ച അധ്യാപകരുടെ സേവനം സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ലഭിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ വിലയിരുത്തല്‍.

ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലുളള മൂന്നു വര്‍ഷം പൂര്‍ത്തിയായാല്‍ സ്ഥലം മാറ്റത്തിനു അപേക്ഷ നല്‍കുന്ന രീതി സര്‍ക്കാര്‍ സ്കൂളുകളിലേക്കും വ്യാപിപ്പിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. ഇതിനായുള്ള കരടുനയം തയ്യാറായതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, വിശദമായ കൂടിയാലോചനയിലൂടെ മാത്രമേ പരിഷ്കാരം നടപ്പിലാക്കാവൂ എന്ന് ആവശ്യപ്പെട്ട് അധ്യാപകസംഘടനകള്‍ രംഗത്തെത്തി.

Latest News