Sunday, November 24, 2024

പടക്കവുമായി ട്രെയിൻ യാത്ര പാടില്ല; പിടിക്കപ്പെട്ടാൽ മൂന്ന് വർഷംവരെ തടവ് ലഭിക്കാം

പടക്കവുമായി ട്രെയിനിൽ യാത്ര ചെയ്‌താൽ പിടിക്കപ്പെടും എന്ന മുന്നറിയിപ്പുമായി റെയിവേ പ്രൊട്ടക്ഷൻ ഫോഴ്സ്. വിഷു പ്രമാണിച്ച് തീവണ്ടികളിൽ പടക്കമെത്തിക്കാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് ആർ.പി.എഫ്. ക്രൈം പ്രിവൻഷൻ ആൻഡ് ഡിറ്റക്ഷൻ സ്‌ക്വാഡ് പരിശോധന തുടങ്ങിയത്.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യമാണ് ഈ പരിശോധനകൾക്കു പിന്നിലെന്നും കനത്ത ചൂടുള്ള കാലാവസ്ഥയിൽ പടക്കം പൊട്ടിത്തെറിക്കാനും തീവണ്ടിക്ക് തീ പിടിക്കാനും സാധ്യതയുള്ളതിനാലാണ് പരിശോധന ശക്തമാക്കുന്നത് എന്നും ആർ.പി.എഫ് വെളിപ്പെടുത്തി.

പാലക്കാട്, മംഗലാപുരം, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് സ്‌ക്വാഡുകളുടെ പ്രവർത്തനം. എസ്.ഐ.യോ എ.എസ്.ഐ.യോ നേതൃത്വം നൽകുന്ന സംഘമാണ് പരിശോധന നടത്തുന്നത്. ഇവർ മഫ്തിയിൽ ആയിരിക്കും. പിടിക്കപ്പെട്ടാൽ റെയിൽവേ നിയമം 164, 165 വകുപ്പുകൾ പ്രകാരമാണ് കേസെടുക്കും. മൂന്ന് വർഷംവരെ തടവോ 1000 രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്.

Latest News